ബവി ചുഴലിക്കാറ്റ് ചൈനയിൽ കരകയറി; കേരളത്തിൽ മഴ കുറയാൻ സാധ്യത
Weather kerala Mansoon

ബെയ്ജിംഗ്/തിരുവനന്തപുരം: ദക്ഷിണ ചൈന കടലിൽ രൂപം കൊണ്ട ‘ബവി’ ചുഴലിക്കാറ്റ് ചൈനയിൽ കരകയറി. ഫിലിപ്പീൻസിൽ മണ്ണിടിച്ചിലിൽ 17 പേർ മരിക്കുകയും തായ്വാനിൽ കനത്ത മഴയും നാശനഷ്ടവും വിതച്ച ശേഷമാണ് ചുഴലിക്കാറ്റ് ചൈനയിൽ പ്രവേശിച്ചത്. നിലവിൽ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ആയിരം കിലോമീറ്ററോളം വ്യാപിച്ചിരിക്കുന്ന മേഘക്കൂട്ടം ചൈനയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയഭീഷണിയെ മുൻനിർത്തി ചൈനയിൽ വ്യാപകമായ മുന്നൊരുക്കങ്ങൾ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളിലും പ്രളയസാധ്യത തുടരുന്നതായി അധികൃതർ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ചൈനയിൽ കരകയറുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബവി. അടുത്ത പത്തു ദിവസത്തിനുള്ളിൽ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെട്ടു ചൈനയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ബവി ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങി ശക്തി കുറഞ്ഞതോടെ കേരളത്തെ ബാധിച്ചിരുന്ന കാലാവസ്ഥാ സ്വാധീനവും കുറയുകയാണ്. ഇതോടെയാണ് സംസ്ഥാനത്ത് മഴയിൽ ഇടിവ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ലഭിച്ച മഴയ്ക്ക് പ്രധാന കാരണം ഈ ചുഴലിക്കാറ്റിന്റെ സ്വാധീനമായിരുന്നു.
കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. ചിലയിടങ്ങളിൽ ചെറിയ മഴകൾ ഉണ്ടായേക്കുമെങ്കിലും പല സമയങ്ങളിലും വെയിൽ തെളിയും. മധ്യകേരളം, തെക്കൻ ജില്ലകൾ, വടക്കൻ കേരളത്തിലെ കിഴക്കൻ മലയോര മേഖലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാം. ജൂലൈ 17 വരെ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.
Comments (0)