ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിച്ചത് ദേവസ്വം ബോര്‍ഡിന്‍റെ കരിമ്പട്ടികയില്‍പ്പെട്ട കരാറുകാരന്‍

പത്തനംതിട്ട: ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരനെന്ന് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. പത്തനംതിട്ട മില്‍മ ഡയറിയില്‍ നിന്നും പമ്പയിലേക്ക് വാഹനത്തില്‍…

പത്തനംതിട്ട: ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരനെന്ന് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. പത്തനംതിട്ട മില്‍മ ഡയറിയില്‍ നിന്നും പമ്പയിലേക്ക് വാഹനത്തില്‍ നെയ്യ് എത്തിക്കുന്ന കരാര്‍ ഉറപ്പിക്കാന്‍ മില്‍മയുടെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടായതായും റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിന്‍റെ കരിമ്പട്ടികയിലുണ്ടായിരുന്നയാള്‍ ഒരു തടസവും കൂടാതെ ലക്ഷങ്ങള്‍ തട്ടിച്ചതിന്‍റെ തെളിവാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 

സന്നിധാനത്തേക്കുള്ള സാധനങ്ങളെത്തിക്കുന്നതിലെ കരാറിലും നിര്‍മാണ് ജോലികളിലും ഹോട്ടല്‍ നടത്തിപ്പിലും ക്രമക്കേട് കാണിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് വിവാദ കരാറുകാരനെ ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇക്കാര്യം മില്‍മ അധികൃതര്‍ ബോധപൂര്‍വം മറച്ചുവച്ചെന്നാണ് ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. 



മില്‍മ പത്തനംതിട്ട യൂണിറ്റിലെ മാര്‍ക്കറ്റിങ് ഓഫിസര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി. ഓപ്പണ്‍ ടെണ്ടറിന് പകരം സീല്‍ഡ് ടെണ്ടര്‍ വിളിച്ച് ഒരേ ഒരു കരാറുകാരന് മാത്രമായി വഴിയൊരുക്കി. ഉയര്‍ന്ന തുകയും നാമമാത്രമായ തുകയും വ്യത്യസ്ത ടെണ്ടറില്‍ രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥ നിര്‍ദേശപ്രകാരമാണ്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദവും ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ വിശ്വാസത്തിലെടുത്തതും കരാറുകാരന് ലക്ഷങ്ങള്‍ തട്ടുന്നതിന് സഹായമൊരുക്കിയെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു.

പഴുതടച്ചുള്ള തട്ടിപ്പിന് മുന്‍കാല പരിചയം കരാറുകാരന്‍ വിനിയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ചട്ടവിരുദ്ധ പ്രവര്‍ത്തനത്തിന് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്ന കരാറുകാരനെ തിരിച്ചറിയാന്‍ ദേവസ്വം വിജിലന്‍സിനും കഴിഞ്ഞില്ലേയെന്നും രേഖകള്‍ പരിശോധിച്ചില്ലേയെന്നുമുള്ള സംശയങ്ങളും ഉ?രുന്നുണ്ട്. മുപ്പത് ലോഡില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാതെ ഇരുപത്തി നാല് ലോഡ് നെയ്യ് മലകയറിയതില്‍ കരാറുകാരനുള്ള മെയ് വഴക്കത്തിന് കണ്ണടച്ച് സഹായിച്ചവരുടെ പട്ടിക നീളുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

Comments (0)