പേരാമ്പ്ര കൂട്ടബലാത്സംഗക്കേസ്: പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നാല് പ്രതികൾ പിടിയിൽ


പേരാമ്പ്ര: യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ, നടുവണ്ണൂർ കളയംകുളത്ത് റജീഷ്, നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടിയത്. കാപ്പാട്, കോഴിക്കോട് മാങ്കാവ്, ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളിലൊരാളായ റജീഷിനെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. കാപ്പാ നടപടി നിലനിൽക്കെ പിതാവിനെ മർദിച്ച് വാരിയെല്ലിന് പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണച്ചുമതലയുള്ള പേരാമ്പ്ര എ.എസ്.പി. ആരതി ഐ.പി.എസ്. അറിയിച്ചു.
പേരാമ്പ്ര സി.ഐ. എം.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments (0)