ചങ്ങരോത്ത് ചരിത്രരചനയ്ക്ക് ഊർജം പകർന്ന് വയോജന സംഗമം

ചങ്ങരോത്ത് ചരിത്രരചനയ്ക്ക് ഊർജം പകർന്ന് വയോജന സംഗമം

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ ചരിത്രരചനയുടെ മുന്നോടിയായി പാലേരിയിലെ കിസ്സ റിക്രിയേഷൻ സെന്ററിൽ സംഘടിപ്പിച്ച വയോജന സംഗമം അവിസ്മരണീയ അനുഭവമായി. പഴയ ജന്മി–നാടുവാഴിത്തകാലം മുതൽ ദേശീയ സ്വാതന്ത്ര്യത്തിന്റെ പിറവിവരെയുള്ള അനുഭവങ്ങൾ പ്രായംചെന്നവർ പങ്കുവെച്ചപ്പോൾ ഇളംതലമുറ കൗതുകപൂർവം അത് കേട്ടു.

വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് പേർ പങ്കെടുത്ത സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. പിങ്ക് പൊലീസ് എ.എസ്.ഐ. ജമീല റഷീദ് മുഖ്യപ്രഭാഷണം നടത്തി. കിസ്സ സംഘാടക സമിതി പ്രസിഡന്റ് മേനിക്കണ്ടി അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എ.കെ. ശ്രീധരൻ മാസ്റ്റർ, കെ.സി. ദാമോദരൻ നായർ, കണ്ണോത്ത് ബാലൻ നായർ, വി.കെ. നാരായണൻ അടിയോടി, കെ.വി. രാഘവൻ മാസ്റ്റർ, ഡോ. അബ്ദുള്ള പാലേരി, പി.കെ. നവാസ് മാസ്റ്റർ, എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ ടി.സി. ജിപിൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, വി.വി. കൃഷ്ണൻ മാസ്റ്റർ, ചെറുവറ്റക്കുനി കുഞ്ഞമ്മത്കുട്ടി ഹാജി, എ. സരോജിനി ടീച്ചർ എന്നിവർ സംസാരിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിൽനിന്നുള്ള ആദ്യ കോളേജ് അധ്യാപകനായ പ്രൊഫസർ വി.ഐ. ശങ്കരൻ നമ്പൂതിരി ഉൾപ്പെടെയുള്ള പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. പി.ടി. രവിയും ശാന്തിനി ടീച്ചറും മുതിർന്ന പൗരരെ പരിചയപ്പെടുത്തി. കിസ്സ സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ സ്വാഗതവും എൻ.സി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

കിസ്സ വയോജന സംഗമം പ്രതീക്ഷിച്ചതിലും വലിയ വിജയമായതായി സംഘാടകർ അറിയിച്ചു. ചങ്ങരോത്തിന്റെ പ്രാദേശിക ചരിത്രരചനയ്ക്ക് പ്രചോദനവും ഊർജവും പകരുന്ന ശ്രദ്ധേയമായ തുടക്കമായി സംഗമം മാറി. പരിപാടിയിൽ പങ്കെടുത്ത മുതിർന്ന പൗരന്മാർക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.

Comments (0)