രാജി തീരുമാനം പിൻവലിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം : കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ. ശ്രീലേഖ പിന്നോട്ടുപോയതായി വിവരം. ഇന്ന് രാജിക്കത്ത് നൽകാനായിരുന്നു തീരുമാനമെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് രാജി വേണ്ടെന്ന നിലപാടിലേക്ക് ശ്രീലേഖ എത്തിയതെന്നാണ് വിവരം.
പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും ദേശീയ നേതാവ് പി. കെ. കൃഷ്ണദാസും ഉൾപ്പെടെയുള്ള നേതാക്കൾ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. രാജിയുമായി മുന്നോട്ടുപോകില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തിന് ഉറപ്പ് നൽകിയതായും സൂചനയുണ്ട്.
പാർട്ടിയുമായി ശ്രീലേഖയ്ക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പാർട്ടിയുടെ സംസ്ഥാന ക്യാമ്പിൽ മൂന്ന് ദിവസവും ശ്രീലേഖ പങ്കെടുത്തിരുന്നു.
അതേസമയം, കോർപ്പറേഷൻ കൗൺസിലുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് രാജി തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. മേയർ വി. കെ. രാജേഷുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ശ്രീലേഖയെ രാജിയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
ശ്രീലേഖ രാജിക്കത്ത് മേയർക്ക് നൽകിയിരുന്നുവെന്നും പിന്നീട് അത് തിരികെ വാങ്ങിയെന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കേണ്ടത് കോർപ്പറേഷൻ സെക്രട്ടറിക്കാണ്. സെക്രട്ടറിക്ക് രാജിക്കത്ത് നൽകുന്ന നടപടിയിലേക്ക് ശ്രീലേഖ കടന്നിട്ടില്ലെന്നാണ് നിലവിലെ വിവരം.
വിഷയത്തിൽ പാർട്ടി നേതൃത്വവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും ശ്രീലേഖ അറിയിച്ചതായാണ് സൂചന. നിലവിൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ആർ. ശ്രീലേഖയെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)