ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കെഎസ്ഇബിയിൽ അതൃപ്തി; രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു
തിരുവനന്തപുരം: ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കെഎസ്ഇബിയിലെ ഡയറക്ടർമാർക്ക് അതൃപ്തി. കെഎസ്ഇബിയിലെ രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു. അമിത സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നാണ് ഡയറക്ടർമാർക്കിടയിലെ ചർച്ച.…
തിരുവനന്തപുരം: ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കെഎസ്ഇബിയിലെ ഡയറക്ടർമാർക്ക് അതൃപ്തി. കെഎസ്ഇബിയിലെ രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു. അമിത സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നാണ് ഡയറക്ടർമാർക്കിടയിലെ ചർച്ച. നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യില്ലെന്നും ഡയറക്ടർമാർക്കിടയിൽ ധാരണ.
കെഎസ്ഇബിയിൽ നിന്നുള്ള ഫിനാൻസ് ഡയറക്ടർ മാത്രമാണ് സ്ഥിരം ഡയറക്ടർ. ബാക്കി നാല് പേരും ചീഫ് എൻജിനീയർമാരാണ്. അവർക്ക് ഡയറക്ടറുടെ അധിക ചുമതല കൊടുത്തിട്ടുള്ളതാണ്.
അതേസമയം, പീക്ക് അവറിൽ കൂടുതൽ വൈദ്യുതി ലഭിക്കുമെന്ന വാദം തെറ്റെന്ന് കെഎസ്ഇബി ചെയർമാന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ കുറിപ്പിലാണ് ഓരോ മാസവും ലഭിക്കുന്ന പീക്ക് അവർ സപ്ലൈ കണക്ക് വിശദീകരിക്കുന്നത്.
ഫെബ്രുവരിയിൽ 193 MW, ജനുവരിയിൽ 213 MW എന്നിങ്ങനെയേ ലഭിക്കൂവെന്നും കുറിപ്പിൽ പറയുന്നുണ്ട്. പീക്ക് ഹവർ ലഭ്യത സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോഴാണ് കെഎസ്ഇബി ചെയർമാൻ പുതിയ കുറിപ്പ് നൽകിയത്. പീക്ക് അവറിൽ ഉൾപ്പെടെ 500 MW വൈദ്യുതിയാണ് ജിഎൻഎ നൽകുന്ന വാഗ്ദാനം.
അതേസമയം, ഇ-ടെൻഡർ വിളിക്കാതെ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്നതിൽ സംശയം നിഴലിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾക്ക് ഇ-ടെൻഡറിങ് നിർബന്ധമാണ്.
കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ രഹസ്യ വിവരങ്ങൾ ചോർത്തി ബിസിനസ് നടത്തിയതിന് ജിഎൻഎ സെബിയുടെ വിലക്കും നേരിടുന്നുണ്ട്. ഗുരുതര അന്വേഷണം നേരിടുന്ന ജിഎൻഎയുമായിട്ടാണ് സംസ്ഥാന സർക്കാരിന്റെ ഇടപാട് എന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ഹിമാചലിൽ നിന്ന് 1280 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉയർന്ന വില ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിമാചലിൽ നിന്നുള്ള കത്ത് സംസ്ഥാന വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും തുടർന്ന് സർക്കാർ അതൃപ്തി അറിയിക്കുകയുമായിരുന്നു.
Comments (0)