ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതിയെത്തിച്ച് കെഎസ്ഇബി

കൊച്ചി: സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ കെഎസ്ഇബി യാഥാര്‍ത്ഥ്യമാക്കി. 2027 മേയ് 31 വരെയാണ് ഈ…

കൊച്ചി: സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ കെഎസ്ഇബി യാഥാര്‍ത്ഥ്യമാക്കി. 2027 മേയ് 31 വരെയാണ് ഈ കരാറിന്റെ കാലാവധി. കഴിഞ്ഞ മാസം ജനരോഷത്തിന് കാരണമായ ലോഡ് ഷെഡ്ഡിങും നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഹിമാചലില്‍ നിന്നുള്ള വൈദ്യുതി പ്രവഹിച്ചു തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കാന്‍ ബോര്‍ഡിന് സാധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെഎസ്ഇബി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നടത്തിയ നിരന്തര സന്ദര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഈ നേട്ടം. ബിഹാറും ആന്ധ്രാപ്രദേശും താല്ക്കാലികമായി വൈദ്യുതി നല്‍കാന്‍ തയ്യാറായെങ്കിലും ഇത് നീണ്ടുനിന്നില്ല. തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമായി (എച്ച്പിഎസ്ഇബി) അന്തിമ ധാരണയിലെത്തിയത്.

നേരത്തെ യൂണിറ്റിന് 10 രൂപ നിരക്കില്‍ 210 മെഗാവാട്ട് മുഴുവന്‍ സമയവും നല്‍കാമെന്ന ഹിമാചലിന്റെ വാഗ്ദാനം പകല്‍ സമയത്തെ കുറഞ്ഞ നിരക്ക് പരിഗണിച്ച് കെഎസ്ഇബി ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ കരാര്‍ പ്രകാരം പീക്ക് സമയങ്ങളില്‍ യൂണിറ്റിന് 14.5 രൂപ നിരക്കിലാണ് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നത്. മുഴുവന്‍ സമയവും ഉയര്‍ന്ന തുക നല്‍കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭമാണിതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. രാജസ്ഥാനും തമിഴ്‌നാടും ഈ വൈദ്യുതിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലാണ് കരാര്‍ കേരളത്തിന് അനുകൂലമാക്കിയത്. നിരക്കില്‍ ഇളവ് തേടി മുഖ്യമന്ത്രി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി.

ഹിമാചല്‍ വൈദ്യുതി കൂടി എത്തിയതോടെ പീക്ക് സമയത്തെ ആകെ ലഭ്യത 4,795 മെഗാവാട്ടായി ഉയര്‍ന്നു. സംസ്ഥാനത്തെ ശരാശരി ഉപഭോഗമായ 4,5005,000 മെഗാവാട്ട് പ്രതിസന്ധിയില്ലാതെ മറികടക്കാന്‍ ഇതിലൂടെ സാധിക്കും. ഭാവിയില്‍ പ്രതിസന്ധികള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളും വേഗത്തിലാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 14ന് 15 മെഗാവാട്ടിന്റെ മുള്ളേരിയ പദ്ധതി കമ്മീഷന്‍ ചെയ്യും. കൂടാതെ മൈലാട്ടി (125 MW), ശ്രീകണ്ഠാപുരം (40 MW), അരീക്കോട് (30 MW), പോത്തന്‍കോട് (40 MW) തുടങ്ങിയ പദ്ധതികളും ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും.

Comments (0)