ഒ.പി. ഷീറ്റ് വില വർധന കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനമെന്ന വാർത്ത അടിസ്ഥാനരഹിതം: ബ്ലോക്ക് മെമ്പർ എൻ.പി. ബാബു

ഒ.പി. ഷീറ്റ് വില വർധന കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനമെന്ന വാർത്ത അടിസ്ഥാനരഹിതം: ബ്ലോക്ക് മെമ്പർ എൻ.പി. ബാബു

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് നിരക്ക് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയായി വർധിപ്പിച്ചത് കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പി. ബാബു പറഞ്ഞു. ഒ.പി. ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ബ്ലോക്ക് പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒ.പി. ടിക്കറ്റ് നിരക്ക് വർധന മാത്രമല്ല, താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും സമരത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരോഗ്യരംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം ആശുപത്രിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നില്ലെന്നും നിലവിലുള്ള ചില സേവനങ്ങൾ പോലും നിലച്ചുപോകുന്ന സാഹചര്യമാണെന്നും എൻ.പി. ബാബു ആരോപിച്ചു. വയോജനങ്ങൾക്കായി ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.പി. ടിക്കറ്റ് നിരക്ക് വർധന സംബന്ധിച്ച ചർച്ച നേരത്തേ എച്ച്.എം.സി യോഗങ്ങളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും അഭിപ്രായം തേടിയശേഷം എല്ലാവരെയും ബോധ്യപ്പെടുത്തി തീരുമാനമെടുക്കണമെന്നായിരുന്നു അന്നുണ്ടായ ധാരണ. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കരുതെന്ന അഭിപ്രായമാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് സമവായത്തിലെത്തുന്നതിന് പകരം എച്ച്.എം.സി ഏകപക്ഷീയമായി നിരക്ക് വർധന നടപ്പാക്കുകയായിരുന്നുവെന്നാണ് എൻ.പി. ബാബുവിന്റെ ആരോപണം.

ആശുപത്രിയിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഒരു മാസത്തേക്ക് ലഭിച്ചിരുന്ന മരുന്നുകൾ ഇപ്പോൾ 15 ദിവസത്തേക്ക് മാത്രമാണ് നൽകുന്നതെന്ന് രോഗികൾ പരാതിപ്പെടുന്നുണ്ടെന്നും ഇത് ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വർഷത്തിനിടെ താലൂക്ക് ആശുപത്രിയിൽ ഉണ്ടായ വികസനങ്ങൾ വിവിധ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളുടെ കൂട്ടായ ഇടപെടലുകളുടെ ഫലമാണെന്നും നിലവിലെ ഭരണസമിതി ഏകപക്ഷീയമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും എൻ.പി. ബാബു വിമർശിച്ചു.

Comments (0)