ഒ.പി. ടിക്കറ്റ് നിരക്ക് വർധന; തീരുമാനത്തിൽ ഉറച്ച് ആശുപത്രി മാനേജ്മെന്റ്

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് നിരക്ക് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയായി വർധിപ്പിച്ച തീരുമാനത്തിൽ വിശദീകരണവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ആശുപത്രി എച്ച്.എം.സി. പ്രതിനിധികളും. ആശുപത്രിയുടെ സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെ ശമ്പളവും പരിഗണിച്ചാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഒ.പി. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള ആലോചന മുൻ ഭരണസമിതിയുടെ കാലത്തുതന്നെ ആരംഭിച്ചതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പറഞ്ഞു. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് അഞ്ച് മാസത്തോളം നിരക്ക് വർധന നടപ്പാക്കിയിരുന്നില്ല. തുടർന്ന് ചേർന്ന എച്ച്.എം.സി. യോഗത്തിലാണ് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് വിഷയം ചർച്ച ചെയ്ത ശേഷമാണ് തീരുമാനം നടപ്പാക്കിയതെന്നും അവർ വിശദീകരിച്ചു.

2013-ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ അവസാനമായി ഒ.പി. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്ന് രാജൻ മരുതേരി പറഞ്ഞു. അന്ന് രണ്ട് രൂപയിൽ നിന്ന് അഞ്ച് രൂപയായാണ് നിരക്ക് ഉയർത്തിയത്. നിലവിലെ നിരക്കിൽ നിന്നുള്ള വരുമാനം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ശമ്പളത്തിനും പര്യാപ്തമല്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

എച്ച്.എം.സി.യുടെ കീഴിൽ എഴുപതോളം ജീവനക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിരന്തരം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒ.പി. ടിക്കറ്റ് നിരക്കിലൂടെ പ്രതിവർഷം ഏകദേശം ഏഴ് ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. ഈ തുകകൊണ്ട് ആശുപത്രിയുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും രാജൻ മരുതേരി ചൂണ്ടിക്കാട്ടി.

നിരക്ക് വർധന നടപ്പാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും യോഗം വിളിച്ചിരുന്നുവെന്നും എച്ച്.എം.സി. യോഗത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും രാജൻ മരുതേരി വ്യക്തമാക്കി. ആശുപത്രിയിൽ ലഭിക്കുന്ന ഭൂരിഭാഗം ചികിത്സാ സേവനങ്ങളും കുറഞ്ഞ നിരക്കിലാണ് നൽകുന്നതെന്നും ലാബ് പരിശോധനകൾക്ക് പുറത്തെ നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒ.പി. ടിക്കറ്റ് നിരക്ക് വർധനവിനെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ വിശദീകരണം പുറത്തുവന്നത്.

Comments (0)