തണലേകിയവർക്ക് തണലാവാം: പേരാമ്പ്രയിൽ മുതിർന്ന പൗരരുടെ കുടുംബസംഗമം

തണലേകിയവർക്ക് തണലാവാം: പേരാമ്പ്രയിൽ മുതിർന്ന പൗരരുടെ കുടുംബസംഗമം

പേരാമ്പ്ര: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “തണലേകിയവർക്ക് തണലാവാം” എന്ന പേരിൽ മുതിർന്ന പൗരരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ദക്ഷിണാമൂർത്തി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംക്കര, രാജൻ മരുതേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നാസിദ വി.കെ., അഡ്വ. അപർണ, യൂസഫ് കരിമ്പിൻപൊയിൽ, ശ്രീനിവാസൻ കെ.എം., പ്രദീപൻ, വൽസൻ നായർ, ബാബു കൊമ്മിണിയോട്ട്, രാധാകൃഷ്ണൻ, സജീന, വിനു നാഗത്ത്, അബ്ദുള്ള മിദ്‌ലാജ്, ബൈജു ആയടത്തിൽ, ശ്രീജ, റാജിയ ഷെറിൻ, ഇ.പി. കുഞ്ഞബ്ദുള്ള, ശ്രീധരൻ ശ്രീനിലയം, ഉഷ ടീച്ചർ, രതിരാജീവ്, ബീന എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ പങ്കെടുത്ത 102 വയസ്സുള്ള കുഞ്ഞിരാമൻ നായരെയും 90 വയസ്സുള്ള കല്ലാണി അമ്മയെയും എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി 85 വയസ്സ് പൂർത്തിയായ മുഴുവൻ മുതിർന്ന പൗരന്മാരെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരെയും കുടുംബസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.

പേരാമ്പ്രയിലെ വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ്. വളണ്ടിയർമാർ പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ സജീവമായി പങ്കെടുത്തു. ഗാനങ്ങളും വിവിധ കലാപരിപാടികളും ഉൾപ്പെടെ സംഗമം ആഘോഷമായി മാറി.

മുതിർന്ന പൗരന്മാർക്കായി പഠനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി എം.എൽ.എ ഫാത്തിമ തഹ്‌ലിയ പറഞ്ഞു. വയോജന ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും മുതിർന്നവർക്കായി ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ മുതിർന്നവരുടെ വീടുകളിലെത്തി അവരുമായി സംവദിക്കുകയും ജീവിതാനുഭവങ്ങൾ കേൾക്കുകയും ചെയ്യുന്ന പരിപാടികളും വാർഡ് തല ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.

ഉച്ചഭക്ഷണവും വിവിധ കലാപരിപാടികളും ഉൾപ്പെടെ നടന്ന കുടുംബസംഗമം സമാപിച്ചു.

Comments (0)