പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് നിരക്ക് വർധന: ശക്തമായ സമരവുമായി ഡി.വൈ.എഫ്.ഐ.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയായി വർധിപ്പിച്ച ആശുപത്രി ഭരണസമിതി തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ പത്ത് വർഷമായി മാറ്റമില്ലാതിരുന്ന നിരക്ക് ഇരട്ടിയായി വർധിപ്പിച്ചത് സാധാരണക്കാരായ രോഗികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ഒ.പി. ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടില്ലെന്നും, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) മുഖേന നിയമിച്ച ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവുകൾ ഈ വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഒ.പി. ടിക്കറ്റ് നിരക്കിന് പുറമെ മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും നിരക്കുകൾ വർധിപ്പിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നേരത്തെ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ ഒ.പി. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഏകപക്ഷീയമായി തീരുമാനമെടുത്ത് നവംബർ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.

പേരാമ്പ്രയിലെ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും നിരക്ക് വർധനവിനെതിരെ നിലപാടെടുത്തിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ. നേതാക്കൾ പറഞ്ഞു. തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Comments (0)