മുതിർന്നവരുടെ ജീവിതാനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ വീടുകളിലെത്തി

മുതിർന്നവരുടെ ജീവിതാനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ വീടുകളിലെത്തി

പേരാമ്പ്ര എ.യു.പി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ ‘ഇന്നലയിൽ നിന്ന് നാളെയിലേക്ക്’ ശ്രദ്ധേയമായി

പേരാമ്പ്ര: ലോക വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി അവരുടെ ജീവിതാനുഭവങ്ങൾ കേട്ട് പേരാമ്പ്ര എ.യു.പി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ. ‘ഇന്നലയിൽ നിന്ന് നാളെയിലേക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവുകൾ പകരുന്ന വേറിട്ട അനുഭവമായി.

എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ വിദ്യാർത്ഥികൾ പി.ടി.എയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരുടെ വീടുകൾ സന്ദർശിച്ചു. മുൻകൂട്ടി അറിയിച്ച ശേഷമായിരുന്നു സന്ദർശനം. മുതിർന്നവരുടെ കുട്ടിക്കാലം, ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, അവയെ അതിജീവിച്ച അനുഭവങ്ങൾ, പഴയകാല നാടിന്റെ ജീവിതരീതികൾ, സാമൂഹിക മാറ്റങ്ങൾ, വയോജനങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അറിവുകളും മുതിർന്നവർ കുട്ടികളുമായി പങ്കുവെച്ചു.

നേരിട്ടുള്ള ജീവിതാനുഭവങ്ങളിലൂടെയും നാടിന്റെ ചരിത്രത്തിലൂടെയും അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ പരിപാടി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മുതിർന്നവരുടെ അനുഭവസമ്പത്ത് പുതിയ തലമുറയിലേക്ക് പകരുന്നതിനും സഹായകമായി.

പേരാമ്പ്ര സബ് ഇൻസ്പെക്ടർ സൗരവ് പരിപാടി ഉദ്ഘാടനം ചെയ്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജാഭായ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രമേശൻ മഠത്തിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.എം. ശ്രീനിവാസൻ, എം.പി.ടി.എ ചെയർപേഴ്സൺ അപാംസുല, ഷീബ ടി.വി, ടി.ആർ. സത്യൻ, ഷാഹി ഇ, ഷിജില കെ.എൽ, സൂര്യ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സ്മിത പി.കെ നന്ദി പറഞ്ഞു.

Comments (0)