ലോക വയോജന ദിനം: പേരാമ്പ്രയിൽ ‘തണലേകിയവർക്ക് തണലാവാം’ സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തണലേകിയവർക്ക് തണലാവാം’ എന്ന പേരിൽ സ്വാഗതസംഘം രൂപീകരിച്ചു. ഇതിന്റെ ഭാഗമായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.
സെപ്റ്റംബർ 30ന് കമ്മ്യൂണിറ്റി ഹാളിൽ മുതിർന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിക്കും. പഞ്ചായത്തിലെ 85 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിക്കും.
മുതിർന്ന പൗരന്മാരെ നവമാധ്യമങ്ങളുമായി പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗൂഗിൾ പേ, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വാർഡ് തലത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. NSS വളണ്ടിയർമാരുടെ സഹകരണത്തോടെയായിരിക്കും പരിശീലന പരിപാടികൾ.
കുടുംബശ്രീ, അങ്കണവാടി, സ്കൂൾ തലങ്ങളിലും വയോജന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കിടപ്പുരോഗികളായ മുതിർന്ന പൗരന്മാരെ സന്ദർശിക്കുന്ന പ്രവർത്തനങ്ങളും നടത്തും.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ. രജീഷ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. വയോജന ദിനവുമായി ബന്ധപ്പെട്ട പ്രവർത്തന രൂപരേഖ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബൈജു ആയടത്തിൽ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രാഹിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നാസിദ വി.കെ., അഡ്വ. അപർണ, മെമ്പർമാരായ കെ.എം. ശ്രീനിവാസൻ, യൂസഫ് കരിമ്പിൻപൊയിൽ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കുഞ്ഞബ്ദുള്ള ഇ.പി., ബാലചന്ദ്രൻ മാസ്റ്റർ പാറച്ചോട്ടിൽ, അബ്ദുറഹിമാൻ പുതുക്കുട്ടി, കെ.സി. രവീന്ദ്രൻ, സി.കെ. അശോകൻ, ശ്രീധരൻ ശ്രീനിലയം, ബാലരാമൻ കെ.എം., പി.എം. രവീന്ദ്രൻ, പ്രേമൻ കെ.കെ., ചന്ദ്രൻ പരിയാരം, ബാബു കൈലാസ് തുടങ്ങിയവരും സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർക്കിംഗ് ചെയർമാനായും, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കൺവീനറായും, വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളായും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)