ലോക വയോജന ദിനം: പേരാമ്പ്രയില്‍ 'തണലേകിയവര്‍ക്ക് തണലാവാം' സ്വാഗതസംഘം രൂപീകരിച്ചു

Grama Panchayat Senior Citizens Day Day Kerala # പേരാമ്പ്ര: ഒക്ടോബര്‍ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'തണലേകിയവര്‍ക്ക് തണലാവാം' എന്ന പേരില്‍ സ്വാഗതസംഘം…


Grama Panchayat Senior Citizens Day Day Kerala #

പേരാമ്പ്ര: ഒക്ടോബര്‍ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'തണലേകിയവര്‍ക്ക് തണലാവാം' എന്ന പേരില്‍ സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

വയോജന ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 30 ന് കമ്മ്യൂണിറ്റി ഹാളില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഗമം സംഘടിപ്പിക്കും. പഞ്ചായത്തിലെ 85 വയസ്സ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്മാരെ സംഗമത്തില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നവമാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഇടപാടുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗൂഗിള്‍ പേ, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വാര്‍ഡ് തലത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും.

എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരിക്കും ക്ലാസുകള്‍ നടത്തുക. കുടുംബശ്രീ, അങ്കണവാടി, സ്‌കൂള്‍ തലങ്ങളിലും വയോജന ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കിടപ്പുരോഗികളായ മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനവും നടത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.കെ രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. വയോജന ദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന രൂപരേഖ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയടത്തില്‍ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ നാസിദ, അഡ്വ. കെ. അപര്‍ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം ശ്രീനിവാസന്‍, യൂസഫ് കരിമ്പിന്‍പൊയില്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.പി കുഞ്ഞബ്ദുള്ള, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, അബ്ദുറഹിമാന്‍ പുതുക്കുട്ടി, കെ.സി രവീന്ദ്രന്‍, സി.കെ അശോകന്‍, ശ്രീധരന്‍ ശ്രീനിലയം, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എ. ബിന്ദു, കെ.എം ബാലരാമന്‍, പി.എം രവീന്ദ്രന്‍, കെ.കെ പ്രേമന്‍, ചന്ദ്രന്‍ പരിയാരം, സുരേഷ് ബാബു കൈലാസ്, അസിസ്റ്റന്റ് സെക്രട്ടറി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ക്കിംഗ് ചെയര്‍മാനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.

Grama Panchayat Senior Citizens Day Day Kerala #

Comments (0)