പേരാമ്പ്രയിൽ മെമ്പർ കെയർ ഓഫീസ്, ഹസ്ത ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നടത്തി

പേരാമ്പ്രയിൽ മെമ്പർ കെയർ ഓഫീസ്, ഹസ്ത ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം; മെഗാ തൊഴിൽ മേളയിൽ നിയമനം ലഭിച്ചവർക്ക് ഓഫർ ലെറ്റർ വിതരണം

പേരാമ്പ്ര: ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മേപ്പയ്യൂർ ഡിവിഷൻ അംഗവുമായ മുനീർ എരവത്തിന്റെ നേതൃത്വത്തിൽ മെമ്പർ കെയർ ഓഫീസിന്റെയും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം നടത്തി. കൂടാതെ മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായി മേപ്പച്ചൂരിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചവർക്കുള്ള ഓഫർ ലെറ്ററുകളും വിതരണം ചെയ്തു.

പേരാമ്പ്ര ദീജ ഹോസ്പിറ്റലിന് മുൻവശമുള്ള അമ്പാടി ബിൽഡിംഗിലാണ് മെമ്പർ കെയർ ഓഫിസും ഹസ്ത ട്രസ്റ്റ് ഓഫിസും പ്രവർത്തനം ആരംഭിച്ചത്. മെമ്പർ കെയർ ഓഫിസിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു. ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം എംഎൽഎ അഡ്വ. ഫാത്തിമ തഹിലിയ നിർവഹിച്ചു. മെഗാ തൊഴിൽ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫർ ലെറ്ററുകൾ ബാലുശ്ശേരി എംഎൽഎ വി.ടി. സൂരജ് വിതരണം ചെയ്തു.

ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.

ജില്ല പഞ്ചായത്ത് അംഗങ്ങളായ ഡോ. കെ.കെ. ഹനീഫ, മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, നസീമ വാഴയിൽ, ഉമ്മർ തണ്ടോറ, നളിനി നല്ലൂർ, മോളി തോമസ്, അസീഫ പടന്നയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജൻ മരുതേരി, കെ.കെ. സുവർണ്ണ, വി.ബി. രാജേഷ് തുടങ്ങിയവരും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

ഹസ്ത ട്രസ്റ്റ് സെക്രട്ടറി ഒ.എം. രാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ കെ. പ്രദീപൻ നന്ദി രേഖപ്പെടുത്തി. ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര സ്വദേശിനി ശ്രേയ എം.എസ്-നെ ചടങ്ങിൽ ആദരിച്ചു.

Comments (0)