Wayanad Monsoon Crisis: മഴ പെയ്താൽ ഉറക്കം നഷ്ടമാകുന്ന ജീവിതങ്ങൾ, ഒരു കുടുംബത്തിന്റെ അതിജീവനം

മഴ പെയ്താൽ ഉറക്കം നഷ്ടമാകുന്ന ജീവിതങ്ങൾ, ഒരു കുടുംബത്തിന്റെ അതിജീവനം വയനാട്ടിലെ കള്ളാടിപ്പുഴയ്ക്ക് പല ഭാവങ്ങളുണ്ട്. വേനൽക്കാലത്ത് ശാന്തമായി ഒഴുകുന്ന ഈ പുഴയുടെ സൗന്ദര്യം ആരെയും ആകർഷിക്കും.തെളിഞ്ഞ വെള്ളവും പച്ചപ്പും ചേർന്ന് തീർക്കുന്ന മനോഹര…

മഴ പെയ്താൽ ഉറക്കം നഷ്ടമാകുന്ന ജീവിതങ്ങൾ, ഒരു കുടുംബത്തിന്റെ അതിജീവനം വയനാട്ടിലെ കള്ളാടിപ്പുഴയ്ക്ക് പല ഭാവങ്ങളുണ്ട്. വേനൽക്കാലത്ത് ശാന്തമായി ഒഴുകുന്ന ഈ പുഴയുടെ സൗന്ദര്യം ആരെയും ആകർഷിക്കും.

തെളിഞ്ഞ വെള്ളവും പച്ചപ്പും ചേർന്ന് തീർക്കുന്ന മനോഹര കാഴ്ചകൾ പ്രകൃതിസ്നേഹികളെ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ മഴക്കാലം എത്തുന്നതോടെ ഇതേ പുഴ മറ്റൊരു മുഖം കാണാം.

മലമുകളിൽ നിന്ന് ഇരമ്പിയെത്തുന്ന മലവെള്ളം കള്ളാടിപ്പുഴയെ നിമിഷങ്ങൾക്കകം ഭീകരരൂപത്തിലേക്ക് മാറ്റും. ആ മാറ്റം ഏറ്റവും അടുത്തറിഞ്ഞ് ജീവിക്കുന്നവരാണ് പുഴയോരത്തെ ടാർപായക്കുടിലിൽ കഴിയുന്ന രാമുവും കുടുംബവും.

മഴയുടെ ആദ്യത്തുള്ളി വീഴുമ്പോൾ തന്നെ ഇവരുടെ നെഞ്ചിൽ ഭയം നിറയും. കാരണം ഇവർക്ക് സുരക്ഷിതമായി അഭയം തേടാൻ മറ്റൊരിടമില്ല.

നീല ടാർപായയാണ് ഏക മറ സ്വന്തമെന്ന് പറയാൻ ഈ കുടുംബത്തിനുള്ളത് കള്ളാടിപ്പുഴയുടെ കാരുണ്യത്തിലുള്ള ഒരു ചെറിയ തുണ്ടുഭൂമി മാത്രം. വീടെന്നു വിളിക്കാൻ പോലും കഴിയാത്ത ഒരു ഒറ്റമുറി കുടിൽ.

അതിന് മേൽക്കൂരയായി വിരിച്ചിരിക്കുന്നത് ഒരു നീല ടാർപായയാണ്. അതിരുകളില്ലാത്ത ആകാശത്തിൽ നിന്ന് ഇവരെ വേർതിരിച്ചുനിർത്തുന്ന ഏക സംരക്ഷണം ഈ പ്ലാസ്റ്റിക് ഷീറ്റാണ്.

കാറ്റ് ഒന്ന് ശക്തമായാൽ തന്നെ അത് പറന്നുപോകുമോ എന്ന ആശങ്കയിലാണ് ഓരോ രാത്രിയും. ഈ ടാർപായക്കൂരയ്ക്കു കീഴിലാണ് രാമുവും ഭാര്യയും ആറ് മക്കളും അന്തിയുറങ്ങുന്നത്.

മഴപെയ്യുമ്പോൾ മേൽക്കൂരയിലൂടെ വെള്ളം ഒലിക്കും. നിലം മുഴുവൻ ചെളിയാകും.

ഉറങ്ങാനാകാതെ കുട്ടികൾ അമ്മയെയും അച്ഛനെയും ചേർന്നു വിറച്ചിരിക്കും. മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചതും ഈ കുടിലിൽ തന്നെ (Home Birth) ഈ കുടുംബത്തിന്റെ ദുരിതത്തിന്റെ ആഴം പറയുന്ന മറ്റൊരു യാഥാർഥ്യവുമുണ്ട്.

രാമുവിന്റെ ആറ് മക്കളിൽ മൂന്ന് പേർ ജനിച്ചത് ഈ ടാർപായക്കുടിലിലാണ്. ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ എത്താനുള്ള സാഹചര്യമില്ലായിരുന്നു.

സുരക്ഷിത പ്രസവം, ഗർഭപരിചരണം, മാതൃ-ശിശു ആരോഗ്യസേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുപോലും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിരക്ഷയുടെയും അടിസ്ഥാന അവകാശങ്ങൾ പോലും ഇവർക്ക് ഇന്നും അകലെയാണ്.

കള്ളാടിപ്പുഴയെ അറിയാം… പക്ഷേ പ്രളയത്തെ പേടിയുണ്ട് (Flash Flood) കള്ളാടിപ്പുഴയുടെ ഓരോ വളവും ഓരോ ചുഴിയും രാമുവിന് സുപരിചിതമാണ്. ബാല്യം മുതൽ ഈ പുഴയുടെ തീരത്താണ് ജീവിതം.

എവിടെയാണ് ആഴം, എവിടെയാണ് ഒഴുക്കിന്റെ ശക്തി, എപ്പോഴാണ് വെള്ളം അപകടകരമാകുന്നത്—എല്ലാം അറിയാം. എന്നാൽ മഴ കനക്കുമ്പോൾ രാമുവിനെപ്പോലും ഭയം പിടികൂടും.

മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ പുഴയിലേക്ക് ഇരമ്പിയെത്തുമ്പോൾ വെള്ളം നിമിഷങ്ങൾക്കകം ഉയരും. പുഴ കരകവിഞ്ഞൊഴുകുന്ന ഓരോ മഴക്കാലവും ഇവർക്ക് ജീവൻപോലും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ്.

വിശപ്പും ഭയവും ഒരുമിച്ച് (Extreme Poverty) കെട്ടുറപ്പില്ലാത്ത പാർപ്പിടം മാത്രമല്ല ഈ കുടുംബത്തിന്റെ ദുരിതം. പല ദിവസങ്ങളിലും അരവയർ പോലും നിറയ്ക്കാൻ ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്.

സ്ഥിരവരുമാനമില്ല. കൂലിപ്പണി ലഭിക്കുന്ന ദിവസങ്ങളിലാണ് അടുപ്പ് പുകയുക.

മഴ ശക്തമാകുമ്പോൾ ജോലിയും നഷ്ടമാകും. അതോടെ വിശപ്പും ഭയവും ഒരുമിച്ച് ഈ കുടുംബത്തെ വളയും.

പ്രകൃതിയുടെ കനിവും സമൂഹത്തിന്റെ സഹായവും മാത്രം പ്രതീക്ഷിച്ചാണ് അവരുടെ ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. മഴയെത്തുമ്പോൾ പ്രാർഥന മാത്രം കാറ്റും മഴയും ശക്തമാകുന്ന രാത്രികളിൽ ഈ കുടുംബത്തിന് ഉറക്കമില്ല.

പുഴയുടെ ഇരമ്പൽ അടുത്തേക്ക് കേൾക്കുമ്പോൾ കുട്ടികളെ നെഞ്ചോടു ചേർത്ത് ഇരിക്കുകയാണ് രാമുവും ഭാര്യയും. ആർത്തലച്ചെത്തുന്ന മലവെള്ളം പുഴ കരകവിഞ്ഞൊഴുകുമ്പോൾ, ഈ ചെറിയ ടാർപായക്കുടിലിനുള്ളിൽ ഇരുന്ന് അറിയാവുന്ന ദൈവങ്ങളെയെല്ലാം അവർ വിളിക്കും.

വെള്ളം വീടിനുള്ളിലേക്ക് കയറുമോ, ടാർപായ പറന്നുപോകുമോ, പുലരുവോളം ജീവനോടെ ഇരിക്കാനാകുമോ എന്ന ചോദ്യങ്ങൾ മാത്രമാണ് അവരുടെ മനസ്സിൽ. പ്രളയഭീഷണി ഉണ്ടായാലും ഈ കുടുംബത്തിന് മാറിത്താമസിക്കാൻ സുരക്ഷിതമായ മറ്റൊരു സ്ഥലമില്ല.

ബന്ധുവീടുകളോ സ്വന്തമായി വീടോ ഇല്ല. ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നതും എല്ലാ സമയത്തും എളുപ്പമല്ല.

അതുകൊണ്ട് ഓരോ മഴക്കാലവും മക്കളെ ചേർത്തുപിടിച്ച് അതേ ഒറ്റമുറി ടാർപായക്കുടിലിൽ തന്നെയാണ് അവർ കഴിയുന്നത്. ആരോടും ഒന്നും ആവശ്യപ്പെടാതെ, അടുത്ത മഴയും അടുത്ത രാത്രിയും അതിജീവിക്കാനാകുമെന്ന പ്രതീക്ഷ മാത്രം ബാക്കിവെച്ച്.

കള്ളാടിപ്പുഴയ്ക്ക് ഓരോ കാലാവസ്ഥയിലും ഓരോ ഭാവമുണ്ട്. എന്നാൽ ആ പുഴയുടെ തീരത്ത് ജീവിക്കുന്ന രാമുവിനും കുടുംബത്തിനും എല്ലാ മഴക്കാലവും ഒരേയൊരു അർഥമാണ്.,അതിജീവനം (Survival).

English Summary : Wayanad’s Kalladi River is a breathtaking sight during the summer, attracting nature lovers with its crystal-clear water and lush green surroundings. However, the arrival of the monsoon transforms it into a raging monster.

Heavy rains in the hills trigger sudden flash floods, sending roaring torrents downstream within minutes—a terrifying reality for those living on its banks.

Comments (0)