ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി നവംബർ 1ന്: ന്യൂഡൽഹിയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയോടനുബന്ധിച്ച് തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും…
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയോടനുബന്ധിച്ച് തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും നിയന്ത്രണം. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ആവശ്യാനുസരണം ഗതാഗതം തിരിച്ചുവിടുമെന്ന് ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു.നേതാജി സുഭാഷ് മാർഗ് ടി-പോയിന്റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐ.ടി.ഒ. എ-പോയിന്റ്, അജ്മീരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിങ് ഫ്ലൈഓവർ, ഝണ്ഡേവാലൻ റൗണ്ട് എബൗട്ട്, തുർക്ക്മാൻ ഗേറ്റ്, മിർദാർഡ് ചൗക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക.ഐ.ടി.ഒ. മുതൽ ഡൽഹി ഗേറ്റ് വരെയുള്ള ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ട് മുതൽ അജ്മീരി ഗേറ്റ് വരെയുള്ള ജവഹർലാൽ നെഹ്റു മാർഗ്, അരുണ ആസഫ് അലി റോഡ്, മിന്റോ റോഡ്, ദേശ്ബന്ധു ഗുപ്ത റോഡ്, ബാരക്കംബ റോഡ് എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.ഗതാഗതം ക്രമീകരിക്കുന്നതിനും യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനുമായി സെൻട്രൽ ഡൽഹിയിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. ലോക് നായക് ജയപ്രകാശ് (എൽ.എൻ.ജെ.പി.) ആശുപത്രിക്ക് സമീപം അടിയന്തര വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുക്കും. ആശുപത്രിക്ക് എതിർവശത്തെ റെയിൽവേ പാർക്കിങ് ഏരിയ, ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ പാർക്കിങ് കേന്ദ്രങ്ങൾ, രാജ്ഘട്ട് എന്നിവിടങ്ങളിൽ വാഹന പാർക്കിങ്ങിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രദേശത്തെ ബസ് ഗതാഗതത്തിനും തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് പോലീസ് നിർദേശിച്ചു. ഡി.ബി.ജി. റോഡ് ഭാഗത്ത് നിന്ന് എത്തുന്നവർ ചെംസ്ഫോർഡ് റോഡ്, കണോട്ട് പ്ലേസിന്റെ ഔട്ടർ സർക്കിൾ, മിന്റോ റോഡ്, ഭവ്ഭൂതി മാർഗ് എന്നിവ ഉപയോഗിക്കണം. കിഴക്കൻ ഡൽഹിയിൽ നിന്നുള്ളവർ ഐ.ടി.ഒ., ദീൻദയാൽ ഉപാധ്യായ മാർഗ്, ഭവ്ഭൂതി മാർഗ് വഴി സ്റ്റേഷനിലെത്താനും നിർദേശമുണ്ട്.വോട്ട് മോഷണം ആരോപണം ഉന്നയിച്ചും വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് ഇന്ത്യാ സഖ്യം രാംലീല മൈതാനിയിൽ പ്രതിഷേധ റാലി നടത്തുന്നത്. ഉച്ചയ്ക്ക് 12-ന് മിന്റോ റോഡ് - കണോട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനിയിലേക്ക് മാർച്ചും ക്രമീകരിച്ചിട്ടുണ്ട്.
Comments (0)