മേപ്പയ്യൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും ₹20,000 പിഴയും

മേപ്പയ്യൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും ₹20,000 പിഴയും

മേപ്പയ്യൂർ: പ്രായപൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ₹20,000 പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി.

കാരയാട്, തിരുവങ്ങായൂർ, കല്ലാത്തറ സ്വദേശിയായ പി.പി. കുമാരൻ (75) ആണ് ശിക്ഷിക്കപ്പെട്ടത്. 2025 ഏപ്രിൽ 27ന് മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാരയാട് കല്ലാത്തറയിൽ നടന്ന സംഭവത്തിലാണ് കോടതി വിധി.

പരാതിക്കാരി പ്രതിയുടെ വീട്ടിലെത്തിയപ്പോൾ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും മറ്റൊരു ദിവസവും സമാനമായ രീതിയിൽ ലൈംഗിക അതിക്രമം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

സംഭവത്തെ തുടർന്ന് പരാതിക്കാരി മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

മേപ്പയ്യൂർ സബ് ഇൻസ്പെക്ടർമാരായ വിനീഷ് വി.എം., വിനീത് വിജയൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ. ഷാനി പി.എം. പ്രോസിക്യൂഷൻ വിങ്ങിന്റെ മേൽനോട്ടം വഹിച്ചു.

Comments (0)