മലയോര ഹൈവേ: ചക്കിട്ടപാറയിലെ തര്‍ക്ക സ്ഥലം 15ന് അളക്കും; പ്രതിഷേധം മാറ്റിവെച്ച് രാജന്‍ വര്‍ക്കി
Highway News Taluk പേരാമ്പ്ര: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തര്‍ക്കമുള്ള ഭാഗങ്ങള്‍ ഈ മാസം 15 ന് താലൂക്ക് സര്‍വെയര്‍ അളക്കുമെന്ന് തഹസില്‍ദാര്‍ വി. ബിന്ദു അറിയിച്ചു. കൊയിലാണ്ടി…
Highway News Taluk
പേരാമ്പ്ര: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തര്‍ക്കമുള്ള ഭാഗങ്ങള്‍ ഈ മാസം 15 ന് താലൂക്ക് സര്‍വെയര്‍ അളക്കുമെന്ന് തഹസില്‍ദാര്‍ വി. ബിന്ദു അറിയിച്ചു. കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ ചക്കിട്ടപാറ സ്വദേശിയായ സമിതി അംഗം രാജന്‍ വര്‍ക്കി നല്‍കിയ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു തഹസില്‍ദാര്‍.
സര്‍വെയര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് അളവ് നീട്ടിക്കൊണ്ടുപോയത്. മലയോര ഹൈവേ പണി ചക്കിട്ടപാറയില്‍ പൂര്‍ത്തിയാക്കാന്‍ താലൂക്ക് സര്‍വെയറെ കനിഞ്ഞാലും എന്ന പ്ലക്കാര്‍ഡുമായി സമിതി യോഗത്തില്‍ കുമ്പിട്ട് പ്രതിഷേധിക്കാന്‍ ഒരുങ്ങിയാണ് രാജന്‍ വര്‍ക്കി യോഗ ഹാളില്‍ എത്തിയത്. എന്നാല്‍ അളവ് തീയതി തഹസില്‍ദാര്‍ പ്രഖ്യാപിച്ചതോടെ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ച് കുമ്പിടല്‍ പ്രതിഷേധം ഒഴിവാക്കുകയായിരുന്നു.
15 ന് അളന്നില്ലെങ്കില്‍ 16 ന് കൊയിലാണ്ടി താലൂക്ക് ഓഫീസിലെത്തി കുമ്പിടുമെന്ന് യോഗത്തില്‍ അദ്ദേഹം അറിയിച്ചു. ചക്കിട്ടപാറ, ചെമ്പ്ര ടൗണുകളിലായി മൊത്തം 360 മീറ്റര്‍ റോഡ് ഭാഗത്താണ് തര്‍ക്കമുള്ളത്. ഇത് സംബന്ധിച്ച് സ്ഥലമുടമകള്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തലത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ തര്‍ക്കമുള്ള ഭാഗങ്ങളിലെ റോഡിന്റെ വീതി യഥാര്‍ത്ഥ സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വെയര്‍ അളന്ന് നിര്‍ണയിക്കണമെന്ന നിബന്ധനയാണ് കേസിന് പോയവര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വെയര്‍ എത്തുന്നതില്‍ തുടര്‍ച്ചയായ തടസ്സമുണ്ടായി. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
Highway News Taluk
Comments (0)