കാണാതായ 17കാരനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ്
കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ കാണാതായി മൂന്ന് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ്. ശിവസൂര്യയെ കുറിച്ച് വിവരം ലഭിക്കുന്നവർ…
കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ കാണാതായി മൂന്ന് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ്. ശിവസൂര്യയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കണ്ണൂർ ചൊവ്വ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവെച്ചാണ് ശിവസൂര്യ നാടുവിട്ടത്. 3000 രൂപയും രണ്ട് ജോഡി വസ്ത്രവും കൈയിൽ കരുതിയിരുന്നു. കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ഈശ്വരചിന്തയിൽ കഴിയുമെന്നുമായിരുന്നു കത്തിൽ.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം കാശിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് എസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശിവസൂര്യയെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘത്തിന്റെ നീക്കം.
ശിവസൂര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ആക്ഷൻ കൗൺസിലിന് പുറമെയാണ് കോർഡിനേഷൻ കമ്മിറ്റി. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
Comments (0)