32 വർഷത്തെ കാത്തിരിപ്പിന് വിരാമം; പെരിക്കല്ലൂർ-ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി, 27 കോടി അനുവദിച്ചു
വയനാട്: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നിർമ്മിക്കുന്ന പെരിക്കല്ലൂർ-ബൈരക്കുപ്പ പാലത്തിന് ഒടുവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭരണാനുമതി. തറക്കല്ലിട്ട് 32 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അതിർത്തി മേഖലയിലെ…
വയനാട്: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നിർമ്മിക്കുന്ന പെരിക്കല്ലൂർ-ബൈരക്കുപ്പ പാലത്തിന് ഒടുവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭരണാനുമതി.
തറക്കല്ലിട്ട് 32 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അതിർത്തി മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നത്തിന് പച്ചക്കൊടി ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 'സേതുബന്ധൻ' പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. കേന്ദ്ര റോഡ് അടിസ്ഥാന സൗകര്യ വികസന ഫണ്ട് (CRIF) വഴിയാണ് തുക.
തുടക്കത്തിൽ 40 കോടിയുടെ പ്രൊജക്ടാണ് സമർപ്പിച്ചിരുന്നതെങ്കിലും പിന്നീട് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ സാങ്കേതിക പരിശോധനയ്ക്ക് ശേഷം 27 കോടിയുടെ പുതുക്കിയ രൂപരേഖ സമർപ്പിക്കുകയായിരുന്നു. പദ്ധതിയിൽ കർണാടക സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ല. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ്, നിർമ്മാണം, മേൽനോട്ടം, തുടർ അറ്റകുറ്റപ്പണികൾ എന്നിവ കേരള പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർവഹിക്കും.
1994 സെപ്റ്റംബർ 24-നാണ് കേരള-കർണാടക മുഖ്യമന്ത്രിമാർ സംയുക്തമായി കബനി നദിക്കരയിൽ പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ വനഭൂമി തർക്കങ്ങളും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനക്കുറവും കാരണം മൂന്ന് പതിറ്റാണ്ടിലേറെ പദ്ധതി ഫയലുകളിൽ ഉറങ്ങുകയായിരുന്നു.
വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നിരന്തരമായ രാഷ്ട്രീയ-ഉദ്യോഗസ്ഥതല ഇടപെടലുകളാണ് നിലച്ചുപോയ പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്. പെരിക്കല്ലൂർ മേഖല സന്ദർശിച്ച എം.പി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ നേരിൽക്കണ്ട് ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വകുപ്പുതലത്തിൽ നടത്തിയ ശക്തമായ ഏകോപനവും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായി.
പാലം യാഥാർത്ഥ്യമാകുന്നതോടെ വയനാടിന്റെ കിഴക്കൻ അതിർത്തി മേഖലയിൽ നിന്ന് മൈസൂരു, ബംഗളൂരു നഗരങ്ങളിലേക്കുള്ള യാത്രാദൂരത്തിൽ വലിയ കുറവുണ്ടാകും.
Comments (0)