നെടുമ്പാശ്ശേരി കാർ അപകടം: പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു. വൈറ്റില ദയ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി കോർട്ട് യാർഡ് ബൈ…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു.
വൈറ്റില ദയ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി കോർട്ട് യാർഡ് ബൈ മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് നടപടി. ഇത് സംബന്ധിച്ച എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
സസ്പെൻഡ് ചെയ്ത മൂന്ന് ബാറുകളിലും 19-കാരനായ പ്രതി എത്തി മദ്യപിച്ചതായി എക്സൈസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ മദ്യപിക്കുന്നത് വ്യക്തമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങാൻ കുറഞ്ഞ പ്രായം 23 ആണ്. 19-കാരന് മദ്യം നൽകിയതിനാണ് ബാറുകൾക്കെതിരെ നടപടി. പ്രായപൂർത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചതിന് സുഹൈലിനെതിരെയും എക്സൈസ് കേസെടുത്തു. രണ്ട് വർഷം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഞായറാഴ്ച പുലർച്ചെ 12.30-ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച അതിവേഗ മിനി കൂപ്പർ കാർ മൂന്നു പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
ഗൾഫിൽ നിന്നെത്തുന്ന സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോകുകയായിരുന്നു സുഹൈൽ. വിമാനം വൈകുമെന്നതിനാൽ യാത്രക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിക്കുകയും ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Comments (0)