കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 5 ആയി.…

കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍ : മരണം 5 ആയി, 7 പേരെ കാണാതായി. നാളെ വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 5 ആയി. 7 പേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമാണെന്നാണ് ജില്ലാ കലക്ടര്‍ പറയുന്നത്. മഴ ശക്തിപ്പെടുന്നതിന് മുന്‍പെ മണ്ണെടുത്തു മാറ്റാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ മേപ്പാടി പൊലിസ് കേസെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. ആന്‍മോള്‍ ദോദ്‌റോയ് (ജാര്‍ഖണ്ഡ്), ബികാഷ് കുമാര്‍ സിങ് (ബിഹാര്‍), ചന്ദ്രഭാല്‍ പാല്‍ (മധ്യപ്രദേശ്) എന്നിവരാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വയനാട്ടില്‍ പലയിടത്തും ഇന്നലെ തീവ്ര മഴയും പെയ്തിരുന്നു. മണ്ണിടിച്ചിലില്‍ കുടുങ്ങിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായ 7 പേര്‍ ചെളിയില്‍ കുടുങ്ങിയതായാണ് നിഗമനം. ഇവര്‍ക്കായി രക്ഷാ സേനകള്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലിസിന്റെ സ്‌നിഫര്‍ ഡോഗുകളുടെ സേവനം മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഉപയോഗിക്കും. പാലത്തിന്റെ ഇരു വശത്തുമുള്ള പ്രദേശവാസികളെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കും. മുണ്ടക്കൈ ഫോറസ്്റ്റ് സ്‌റ്റേഷനിലും ചൂരല്‍മല പള്ളി ഹാളിലുമാണ് സൗകര്യ മൊരുക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്.ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്ടും വയനാട്ടിലും നാളെ അവധി കനത്ത മഴയെ തുടർന്ന് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും - ട്യൂഷൻ സെൻ്റെറുകൾ,മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.07.2026 (ബുധൻ) അവധി നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമാണ്. മണ്ണിടിച്ചിൽ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് ഇന്ന് ഉച്ചയോടെ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴ കാരണം ഇവിടെ നിര്‍മാണ ജോലികള്‍ ഇന്നല നിര്‍ത്തിവച്ചിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് പൊടുന്നനെയുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണില്‍ പുതഞ്ഞു. അഗ്നിരക്ഷാസേനയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മണ്ണ് നീക്കം ചെയ്യാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെ ഈ വിമര്‍ശനം ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് പൊലിസ് സംഭവത്തില്‍ കേസെടുത്തതതും. കരാറുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. ആശുപത്രിയില്‍ കഴിയുന്നവര്‍ ഹിര കുമാര്‍, ദീലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂര്‍, രജനീഷ്, തന്മയ്‌ഘോഷ്, കുപമാല്‍, കുഞ്ചു, സന്തോഷ് കുമാര്‍. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. English Summary : A massive landslide at the Kalladi tunnel construction site in Wayanad has left 5 workers dead and 7 missing. National Disaster Response Force (NDRF) teams are leading the rescue operations amid heavy rains. Following the tragedy and ongoing red alerts, the District Collector has declared a holiday for all educational institutions in Wayanad tomorrow. Preliminary reports suggest structural negligence, leading the police to register a case against the contracting company.

Comments (0)