കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; പുരുഷ ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം, 6 പേർ അറസ്റ്റിൽ
കോഴിക്കോട്: ക്യാമ്പസ് തിരഞ്ഞെടുപ്പിനിടെയുണ്ടായ യു.ഡി.എസ്.എഫ്. - എസ്.എഫ്.ഐ. കടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ…
കോഴിക്കോട്: ക്യാമ്പസ് തിരഞ്ഞെടുപ്പിനിടെയുണ്ടായ യു.ഡി.എസ്.എഫ്. - എസ്.എഫ്.ഐ. കടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പുരുഷ ഹോസ്റ്റലുകളിൽ താമസിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ഉടൻ തന്നെ ഒഴിയണമെന്ന് സർവ്വകലാശാല അധികൃതർ കർശന നിർദേശം നൽകി.
ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ക്യാമ്പസ് തിരഞ്ഞെടുപ്പ് ദിവസം ഉച്ച മുതൽ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ വിവിധയിടങ്ങളിൽ സംഘർഷം ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ. വിജയിച്ചെന്ന ഫലം പുറത്തുവന്നതോടെ അർദ്ധരാത്രിയിലും അക്രമ സംഭവങ്ങൾ തുടരുകയായിരുന്നു.
ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ. പ്രവർത്തകർ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേളാരിയിലെ ആശുപത്രിയിലേക്ക് എം.എസ്.എഫ്. പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിന് തുടർച്ചയായി പുലർച്ചെ രണ്ടരയോടെ എം.എസ്.എഫ്. നേതാക്കളായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീട്ടിലും നൗഫലിന്റെ വളാഞ്ചേരിയിലെ വീട്ടിലും പെട്രോൾ ബോംബ് ആക്രമണവും ഉണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് എസ്.എഫ്.ഐ. പ്രവർത്തകരും രണ്ട് യു.ഡി.എസ്.എഫ്. പ്രവർത്തകരുമാണ് പിടിയിലായത്. എം.എസ്.എഫ്. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിലും പെട്രോൾ ബോംബേറിലും പങ്കുള്ള എസ്.എഫ്.ഐ. പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ കേസിൽ യു.ഡി.എസ്.എഫ്. പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
സംഘർഷത്തിൽ പങ്കാളികളായ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനായി സർവ്വകലാശാല തലത്തിലും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments (0)