തലയാട് മേഖലയിൽ കനത്ത മഴ; പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾക്ക് ജാഗ്രത
തലയാട് മേഖലയിൽ കനത്ത മഴ; പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾക്ക് ജാഗ്രത തലയാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇന്ന് വീണ്ടും ശക്തമായ മഴ പെയ്തതോടെ പൂനൂർ പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതോടെ പൂനൂർ മുതൽ കട്ടിപ്പാറ വരെയുള്ള…

തലയാട് മേഖലയിൽ കനത്ത മഴ; പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾക്ക് ജാഗ്രത തലയാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇന്ന് വീണ്ടും ശക്തമായ മഴ പെയ്തതോടെ പൂനൂർ പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതോടെ പൂനൂർ മുതൽ കട്ടിപ്പാറ വരെയുള്ള ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കയറ്റം വീണ്ടും ആരംഭിച്ചതായി നാട്ടുകാർ അറിയിച്ചു.
ഇന്നലെ പൂനൂർ, കൊടുവള്ളി തുടങ്ങിയ മലയോര മേഖലകളിൽ വെള്ളം കയറിയിരുന്നു. പിന്നീട് വൈകിട്ടോടെ മഴയ്ക്ക് ശമനമായതോടെ റോഡുകളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം ക്രമേണ ഇറങ്ങി പുഴയിലേക്ക് ഒതുങ്ങിയിരുന്നു.
എന്നാൽ ഇന്ന് വീണ്ടും ശക്തമായ മഴ ലഭിച്ചതോടെ പൂനൂർ പുഴയിൽ ജലനിരപ്പ് ഉയരുകയും ചില ഭാഗങ്ങളിൽ വെള്ളം വീണ്ടും റോഡിലേക്ക് കയറിത്തുടങ്ങുകയും ചെയ്തു. ജാഗ്രത നിർദേശം പൂനൂർ പുഴയുടെ സ്വഭാവമനുസരിച്ച് മുകളിലത്തെ പ്രദേശങ്ങളിലെ വെള്ളം താഴേക്ക് എത്താൻ ഏതാനും മണിക്കൂറുകൾ എടുക്കാറുണ്ട്.
പൂനൂർ, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം അഞ്ച് മുതൽ ആറ് മണിക്കൂർ കഴിഞ്ഞാണ് ചെറുവറ്റ, പൂളക്കടവ്, കാരന്തൂർ, കക്കോടി തുടങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള താഴ്ന്ന പ്രദേശങ്ങളിൽ എത്തുന്നത്. അതിനാൽ ഈ മേഖലകളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം ചെറുവറ്റ, മൂഴിക്കൽ തുടങ്ങിയ ഭാഗങ്ങളിൽ ഇപ്പോഴും വീടുകളുടെ മുറ്റങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ മലയോര മേഖലകളിൽ വീണ്ടും ശക്തമായ മഴ ലഭിച്ചാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കയറ്റം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
ഇന്നലെ പൂനൂരിൽ നിന്ന് കട്ടിപ്പാറയിലേക്കുള്ള റോഡിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം ബസ് കുടുങ്ങിയ അതേ ഭാഗത്താണ് ഇന്ന് വീണ്ടും വെള്ളം റോഡിലേക്ക് എത്തിത്തുടങ്ങിയത്.
ഇന്നലത്തെ അത്രയും ഉയരത്തിൽ വെള്ളമെത്തിയിട്ടില്ലെങ്കിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നാട്ടുകാരും അഭ്യർഥിച്ചു. പൂനൂർ പുഴയുടെ താഴ്ഭാഗങ്ങളായ കാരന്തൂർ, കക്കോടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ താമസക്കാർ അടുത്ത മണിക്കൂറുകളിൽ ജലനിരപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് നിർദേശമുണ്ട്.
English Summary : Incessant rainfall across the Thalayad hill belt has caused a severe rise in the Poonoor River's water levels. Floodwaters have begun re-entering low-lying areas and key roads stretching from Poonoor to Kattippara, threatening a resurgence of the flooding experienced just a day prior.
Comments (0)