പേരാമ്പ്രയില് ശക്തിയായ കാറ്റില് വന് മരം കടപുഴകി വീണ് സ്ക്കൂട്ടര് യാത്രികന് മരിച്ചു
പേരാമ്പ്ര: പേരാമ്പ്രയില് ശക്തിയായ കാറ്റില് വന് മരം കടപുഴകി വീണ് ഇരുചക്ര വാഹനയാത്രക്കാരനായ മധ്യവയസ്ക്കന് മരിച്ചു. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരം കടപുഴകി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇതുവഴി…
പേരാമ്പ്ര: പേരാമ്പ്രയില് ശക്തിയായ കാറ്റില് വന് മരം കടപുഴകി വീണ് ഇരുചക്ര വാഹനയാത്രക്കാരനായ മധ്യവയസ്ക്കന് മരിച്ചു. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരം കടപുഴകി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇതുവഴി യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികരായ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് 3.40 മണിയോടെയായിരുന്നു സംഭവം. ഉള്ള്യേരി സ്വദേശികളായ രണ്ട് തൊഴിലാളികളാണ് അപകടത്തില്പെട്ടത്.
കൈതക്കല് കള്ള് ഷാപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന നെന്മേനി മരമാണ് പൊട്ടി വീണത്. മരത്തിനും ഇലക്ട്രിക്പോസ്റ്റിനും ഇടയില് കുടുങ്ങിയ തൊഴിലാളികളെ സമീപത്തെ സന വര്ക്ക് ഷോപ്പിലെ ജീവനക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേര്ന്ന് ഇരുവരെയും ഉടന് പേരാമ്പ്ര സഹകരണ ആശുപത്രിയില് എത്തിച്ചെങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാനായില്ല.
ഉള്ള്യേരി ആതകശ്ശേരി ക്ഷേത്രത്തിന് സമീപം പൂക്കോട്ടില് ഉന്നതയിലെ പടിഞ്ഞാറെ കക്കാട്ടില് ഹരിദാസ് ആണ് മരണപ്പെട്ടത് കൂടെയുണ്ടായിരുന്ന ഉള്ള്യേരി കായപ്പറ്റ ശശിയെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കല് കോളേജിലേക്ക് മാറ്റിയത്. പേരാമ്പ്ര ഭാഗത്ത് നിന്ന് ജോലിയും കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.
കള്ള് ഷാപ്പിനും സമീപത്തെ വര്ക്ക് ഷോപ്പിനും മുകളിലുമായാണ് മരം റോഡിലേക്ക് പതിച്ചത്. അപകട സമയത്ത് കള്ള് ഷാപ്പില് ആറോളം പേര് ഉണ്ടായിരുന്നു. ഇവരെ പുറക് വശത്തുകൂടി രക്ഷപ്പെടുത്തുകയായിരുന്നു, ആര്ക്കും പരിക്കില്ല.
പേരാമ്പ്രയില് നിന്ന് എത്തിയ അഗ്നി രക്ഷാ സേനാ അംഗങ്ങളും പൊലീസും ചേര്ന്ന് തടസ്സപ്പെട്ട ഗതാഗതം പുസ്ഥാപിച്ചു. അപകടത്തില്പെട്ട മരം അപകടാവസ്ഥയല് ആയിട്ട് കാലങ്ങളായി. നാട്ടുകാര് പല തവണ പരാതി നല്കിയിട്ടും മുറിച്ച് മാറ്റാന് അധികൃതര് ഇതുവരെ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര് പറഞ്ഞു.
Comments (0)