സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ…

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു. ജെ പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും കൈയിൽ നിന്ന് വാങ്ചുക്ക് നാരാങ്ങാനീർ വാങ്ങികുടിച്ച് കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്.

“കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ, 26 ദിവസങ്ങൾക്ക് ശേഷം ഞാൻ ഒടുവിൽ എന്റെ ഉപവാസം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ നേരത്തെ എന്നെ സന്ദർശിക്കുകയോ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നു. വിവിധ നിബന്ധനകളെക്കുറിച്ചുള്ള നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെടുത്തത്. ഈ നിബന്ധനകളെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോയിലൂടെ ഞാൻ വിശദമായി വ്യക്തമാക്കും. അതുവരെ, ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”- സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു.



26 ദിവസം നീണ്ടുനിന്ന സമരത്തിനിടെ അദ്ദേഹത്തിന് 11 കിലോയോളം ഭാരം കുറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് അദ്ദേഹം എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

 

ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്നാണ് വാങ്‌ചുക്ക് സമരം പിൻവലിച്ചത്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്കായി പാർലമെന്റിൽ ചർച്ചകൾ നടത്താനും സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക് ജൂൺ 28ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും വിദ്യാഭ്യാസ സംവിധാനത്തിൽ വ്യാപക പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യവും ഉയർത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു വാങ്ചുക് നിരാഹാര സമരത്തിലേർപ്പെട്ടത്.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്.

Comments (0)