ശാസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതി

ഉള്ളിയേരി: ഉള്ളിയേരി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനി (40) ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വൃക്ക/ പിത്താശയം ഉണ്ടായിരുന്ന 3mm ചെറിയ കല്ല് നീക്കം ചെയ്യുന്നതിനായി ആരോഗ്യവതിയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബസിനി ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായതായി കുടുംബം ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ ഉണ്ടായതോടെ ആരോഗ്യനില മോശമായെന്നും, പിന്നീട് ചേതനയറ്റ നിലയിലായെന്നും ബന്ധുക്കൾ പറയുന്നു.
ഗുരുതരാവസ്ഥയിലായ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ അത്തോളി പോലീസിനും സംസ്ഥാന ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് മലബാർ മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമാകുകയാണ്.
മക്കൾ: തേജാലക്ഷ്മി, റോണികലക്ഷ്മി
പിതാവ്: ഭാസ്‌ക്കരൻ
മാതാവ്: സുലോചന
സഹോദരി: സുബിന
Comments (0)