പേരാമ്പ്രയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്

മർദ്ദനം; പത്ത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

പേരാമ്പ്ര: വടക്കുംമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിങ്ങും മർദ്ദനവും നടന്നതായി പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്ത് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

സ്കൂളിനുള്ളിൽ വെച്ച് സീനിയർ വിദ്യാർത്ഥികൾ പാട്ടുപാടാനും പണം നൽകാനും ആവശ്യപ്പെട്ടതായാണ് പരാതി. ഇത് അനുസരിക്കാത്തതിനെ തുടർന്ന് സ്കൂളിന് പുറത്തുള്ള വിവിധ സ്ഥലങ്ങളിൽ വെച്ച് മുപ്പതോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് കുട്ടിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

മർദ്ദനത്തിനിടെ വിദ്യാർത്ഥിയുടെ സ്കൂൾ ബാഗും പാഠപുസ്തകങ്ങളും നശിപ്പിച്ചതായും ആരോപണമുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് ചവിട്ടേറ്റതിനെ തുടർന്ന് നീരുണ്ടതായി ഡോക്ടർമാർ പരിശോധനയിൽ സ്ഥിരീകരിച്ചതായാണ് വിവരം.

മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ബന്ധുവിന്റെ വീടിന് സമീപം എത്തിയ വിദ്യാർത്ഥിയെ ചിലർ പിന്തുടർന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

സ്കൂൾ പരിസരത്തിന് പുറത്തും വിദ്യാർത്ഥികൾ തമ്മിലുള്ള ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Comments (0)