ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യ: ഫിറ്റ്നസ് നിരസിച്ചത് നിയമവിരുദ്ധ മാറ്റങ്ങൾ നീക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട്

മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. വാഹനത്തിൽ വരുത്തിയ അനധികൃത രൂപമാറ്റങ്ങൾ ഒഴിവാക്കാൻ…


മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. വാഹനത്തിൽ വരുത്തിയ അനധികൃത രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടും അത് ചെയ്യാതിരുന്നതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് റിപ്പോർട്ട്.വാഹന പരിശോധനയും നിർദ്ദേശിച്ച മാറ്റങ്ങളും2021 ജൂണിലാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങുന്നത്. തുടർന്ന് 2025 നവംബറിലാണ് രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കൊണ്ടോട്ടി എഎംവിഐ മുൻപാകെ വാഹനം ഹാജരാക്കിയത്. എന്നാൽ ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെയും യാത്രക്കാരുടെ ക്യാബിന്റെയും വശങ്ങളിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തിക്കാനും ആവശ്യപ്പെട്ടു.വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥന്റെ നിലപാടുംരണ്ടാമത് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഷൗക്കത്ത് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ മറ്റു മാറ്റങ്ങളെല്ലാം വരുത്തിയിരുന്നുവെങ്കിലും, വാഹനം അപകടകരമായ രീതിയിൽ തള്ളിനിൽക്കുന്നതിനാൽ റെയിലിങ്ങുകൾ കൂടി നീക്കാൻ ഉദ്യോഗസ്ഥനായ പ്രേംകുമാർ ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ഇതിനായി താൻ വലിയ തുക ചെലവഴിച്ചതായി ഷൗക്കത്ത് വ്യക്തമാക്കുന്നുണ്ടായിരുന്നു.പരിശോധനയ്ക്ക് ശേഷം ഈ വാഹനം പിന്നീട് സർട്ടിഫിക്കറ്റിനായി ഹാജരാക്കിയിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പരിശോധിച്ച ഉദ്യോഗസ്ഥൻ പ്രേംകുമാർ പിന്നീട് സ്ഥലംമാറിപ്പോയിരുന്നു. അതേസമയം, ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ പത്ത് മാസമായി ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി ഏജന്റുമാരുടെയും എംവിഡിയുടെയും ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നുവെന്നും, കൈക്കൂലി നൽകാത്തതിനാലാണ് ഫിറ്റ്നസ് തടഞ്ഞുവെച്ചതെന്നും ഷൗക്കത്ത് വ്യക്തമാക്കി. വാഹനം നിരത്തിലിറക്കാൻ കഴിയാത്തതിനെ തുടർന്ന് വരുമാനം നിലയ്ക്കുകയും വായ്‌പാ തിരിച്ചടവുകൾ മുടങ്ങി കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാവുകയുമായിരുന്നു.

Comments (0)