സൈബർ തട്ടിപ്പ് തടയാൻ 'മ്യൂൾഹണ്ട് എ.ഐ'യുമായി ആർ.ബി.ഐ

കൊച്ചി: സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യപങ്ക് വഹിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗം തിരിച്ചറിയാൻ എ.ഐ സംവിധാനം പ്രവർത്തനം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നവേഷൻ ഹബ്ബാണ് 'മ്യൂൾഹണ്ട് എ.ഐ' എന്ന എ.ഐ അധിഷ്ഠിത സംവിധാനം…

സൈബർ തട്ടിപ്പ് തടയാൻ 'മ്യൂൾഹണ്ട് എ.ഐ'യുമായി ആർ.ബി.ഐ

കൊച്ചി: സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യപങ്ക് വഹിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗം തിരിച്ചറിയാൻ എ.ഐ സംവിധാനം പ്രവർത്തനം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നവേഷൻ ഹബ്ബാണ് 'മ്യൂൾഹണ്ട് എ.ഐ' എന്ന എ.ഐ അധിഷ്ഠിത സംവിധാനം വികസിപ്പിച്ചത്.

ബാങ്കിംഗ് സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഇടപാടുകളുടെ സ്വഭാവം നിരീക്ഷിച്ച് സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് പെട്ടെന്ന് ഒന്നിലധികം അപരിചിത സ്രോതസ്സുകളിൽ നിന്ന് വലിയ തുകകൾ വരുന്നതും വളരെ വേഗം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതും കണ്ടെത്തും. ഒരേ മൊബൈൽ ഫോൺ, ഐ.പി അഡ്രസ്, ഉപകരണം എന്നിവ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ ഒരു കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കുന്നുണ്ടോയെന്നും അക്കൗണ്ട് തുറക്കുമ്പോൾ വ്യാജരേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും നിരീക്ഷിക്കും. സംശയാസ്പദ വിവരങ്ങളും തത്സമയ മുന്നറിയിപ്പുകളും ബാങ്കുകൾക്ക് നൽകി തട്ടിപ്പുകാർ പണം പിൻവലിക്കും മുൻപ് തന്നെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇത് സഹായിക്കും.

വിദ്യാർത്ഥികളുടെയും ഗ്രാമീണ മേഖലകളിലുള്ളവരുടെയും അക്കൗണ്ടുകൾ കമ്മീഷൻ നൽകി വാങ്ങി തട്ടിപ്പിനായി ഉപയോഗിക്കുന്നതാണ് മ്യൂൾ അക്കൗണ്ട് രീതി. നേരത്തെ 2024 സെപ്റ്റംബറിൽ ആരംഭിച്ച സസ്പെക്ട് രജിസ്ട്രിയിലൂടെ ഒരു വർഷം കൊണ്ട് 24.67 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയാനും 8031 കോടിയിലധികം രൂപയുടെ ഇടപാടുകൾ തടയാനും കഴിഞ്ഞിരുന്നു.

Comments (0)