പോലീസ് ഗതാഗത പരിഷ്കാരത്തിൽ പ്രതിഷേധം: വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

​വടകര: പോലീസിന്റെ പുതിയ ഗതാഗത പരിഷ്കാരങ്ങളിലും കർശന നടപടികളിലും പ്രതിഷേധിച്ച് വടകരയിൽ നിന്ന് പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. ബസ് തൊഴിലാളികളുടെ നേതൃത്വത്തിൽ രാവിലെ…


​വടകര: പോലീസിന്റെ പുതിയ ഗതാഗത പരിഷ്കാരങ്ങളിലും കർശന നടപടികളിലും പ്രതിഷേധിച്ച് വടകരയിൽ നിന്ന് പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. ബസ് തൊഴിലാളികളുടെ നേതൃത്വത്തിൽ രാവിലെ 11 മണിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ബുധനാഴ്ച ഇനി സർവീസ് നടത്തില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി.​മുൻപ് വടകര ലിങ്ക് റോഡിൽ നിന്നായിരുന്നു പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ബസുകൾ സർവീസ് ആരംഭിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കാരപ്രകാരം ഇനി മുതൽ അടക്കാത്തെരു കോൺവെന്റ് റോഡ് വഴി പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്ന് മാത്രമേ സർവീസ് നടത്താവൂ എന്ന് പോലീസ് നിർദേശിച്ചിരുന്നു.​ഈ നിർദേശം പാലിക്കാത്ത ബസുകൾക്കെതിരെ പോലീസ് കർശന നടപടി എടുത്തതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുന്നറിയിപ്പില്ലാതെയുള്ള മിന്നൽ പണിമുടക്ക് പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി

Comments (0)