സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

നിലമ്പൂർ: സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം ലഭിച്ച് ആളുകൾ കൂട്ടത്തോടെയെത്തുന്ന ഇത്തരം പ്രദേശങ്ങളിലെ…

നിലമ്പൂർ: സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം ലഭിച്ച് ആളുകൾ കൂട്ടത്തോടെയെത്തുന്ന ഇത്തരം പ്രദേശങ്ങളിലെ അപകടങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലവെള്ളപ്പാച്ചിലിൽ ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ. കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അർഹമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും, വരും ദിവസങ്ങളിൽ ചേരുന്ന മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.



മുന്നറിയിപ്പുകളൊന്നുമില്ലാതെ ഉണ്ടായ ഈ അപകടം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലിസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സന്നദ്ധപ്രവർത്തകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാന വ്യക്തിയെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിന്റെ ഭാഗമായി, പ്രാദേശികമായി ഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിലുണ്ടാകുന്ന മാറ്റങ്ങളും അതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ രാജ്യത്തെ ഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



പുതിയ പ്രോട്ടോക്കോളും ജില്ലാതല സംവിധാനങ്ങളും

കാലാവസ്ഥാ നിരീക്ഷണം, വേഗത്തിലുള്ള മുന്നറിയിപ്പ് നൽകൽ, അപകടസാധ്യതയുള്ളവരെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായി കർശനമായ പ്രോട്ടോക്കോൾ നടപ്പിലാക്കും. ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനങ്ങൾ രൂപീകരിക്കുക. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കി മാറ്റാനാണ് സർക്കാരിന്റെ നീക്കം.

മുഖ്യമന്ത്രിക്കൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പി. അഷ്റഫ് അലി, വി.എസ്. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Comments (0)