ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ 'ശ്രീധരീയം' വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി കിടപ്പിലായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ'യിലെ…

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ 'ശ്രീധരീയം' വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി കിടപ്പിലായിരുന്നു.

'സുഡാനി ഫ്രം നൈജീരിയ'യിലെ ജമീല ഉമ്മയായി മലയാളികളുടെ മനം കവർന്ന നടിയാണ് സാവിത്രി ശ്രീധരൻ. ഈ ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിന് 2018-ൽ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട നാടക ജീവിതമാണ് അവരുടേത്. 1961-ൽ വളയനാട് കലാസമിതിയുടെ 'കറുത്ത വെളിച്ചം' എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് കെ.ടി മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ സമിതികളുടെ ആയിരക്കണക്കിന് വേദികളിൽ തിളങ്ങി.

1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡും സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്.

എം.ടി വാസുദേവൻ നായരുടെ 'കടവ്' എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

Comments (0)