കശുവണ്ടി ഗ്രാമമാകാന്‍ നൊച്ചാട്; കര്‍ഷകര്‍ക്ക് സൗജന്യ കശുമാവിന്‍ തൈകള്‍

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയും (കെഎസ്എസിസി) സംയുക്തമായി നടപ്പാക്കുന്ന സമഗ്ര കശുമാവ് കൃഷി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി…


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയും (കെഎസ്എസിസി) സംയുക്തമായി നടപ്പാക്കുന്ന സമഗ്ര കശുമാവ് കൃഷി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പദ്ധതിയുടെ ഭാഗമായി അത്യുല്‍പാദനശേഷിയുള്ളതും മൂന്ന് വര്‍ഷംകൊണ്ട് കായ്ക്കുന്നതുമായ കശുമാവ് ഗ്രാഫ്റ്റ് തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. കശുമാവ് കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുകയും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്എസിസി കോഴിക്കോട് ജില്ലാ ഫീല്‍ഡ് ഓഫീസര്‍ ഒ. ഷൈബീഷ് പരിപാടിയില്‍ സംബന്ധിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. സുജിത്ത്, രമ്യ അമ്പാളി, എസ്.കെ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)