നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; തേക്ക്, വീട്ടി മരങ്ങൾ കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും വീട്ടിയും ഇരുളും ഉൾപ്പെടെ 23 മരങ്ങളാണ് വെട്ടിക്കടത്തിയത്. ഏകദേശം 7.5 ഏക്കർ വരുന്ന നിക്ഷിപ്ത…

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും വീട്ടിയും ഇരുളും ഉൾപ്പെടെ 23 മരങ്ങളാണ് വെട്ടിക്കടത്തിയത്.

ഏകദേശം 7.5 ഏക്കർ വരുന്ന നിക്ഷിപ്ത വനഭൂമിയിൽ രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. കവളപ്പാറ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേർന്നുള്ള ദുർഘടമായ മുത്തപ്പൻകുന്നിലേക്ക് വാഹനങ്ങൾ എത്താൻ പോലും പ്രയാസമാണ്. ഇവിടെ നിന്നാണ് മരങ്ങൾ മണിക്കൂറുകളെടുത്ത് മുറിച്ച് ട്രാക്ടറിൽ കടത്തിക്കൊണ്ടുപോയത്.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വനംവകുപ്പ് അധികൃതർ വിവരം അറിയുന്നത് എന്നത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനംവകുപ്പിന്റെ പരിശോധനയിലാണ് മരം മുറിച്ച വിവരം പുറത്തറിയുന്നത്. ആരാണ് കടത്തിയത്, എങ്ങോട്ട് കൊണ്ടുപോയി എന്നതിൽ ഇതുവരെ വ്യക്തതയില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടതിനാൽ പ്രതികളെയും മരങ്ങളും കണ്ടെത്തുക വെല്ലുവിളിയാണ്.

സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരം കടത്തിയ സംഘത്തെക്കുറിച്ചും ട്രാക്ടറിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

Comments (0)