ഇഎസ്എയിൽ ആശങ്ക വേണ്ട; നൂതന സാങ്കേതികവിദ്യയോടെ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണും: കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ്

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളും വിളനാശവും മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി കേവലം ഒരു കർഷകന്റെയോ കുടുംബത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും അത് സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും ആകെ പ്രശ്നമാണെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.…

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളും വിളനാശവും മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി കേവലം ഒരു കർഷകന്റെയോ കുടുംബത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും അത് സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും ആകെ പ്രശ്നമാണെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. തിരുവമ്പാടിയിൽ സംഘടിപ്പിച്ച ‘കർഷക സുരക്ഷയും വന്യജീവി സംഘർഷ ലഘൂകരണവും’ സംസ്ഥാനതല കോൺക്ലേവിൽ അധ്യക്ഷം വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി കർഷകർക്ക് കൃഷിഭൂമിയിൽ ആത്മവിശ്വാസത്തോടെ നിലനിൽക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു കർഷകന്റെയും പാർപ്പിടമോ ഒരിഞ്ച് കാർഷിക ഭൂമിയോ പരിസ്ഥിതി സംവേദക മേഖലയിൽ (ഇഎസ്എ) നിലനിർത്താൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി തറപ്പിച്ചുപറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ ഏഴാമത് ഇ എസ് എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ആക്ഷേപങ്ങളും ബദൽ നിർദ്ദേശങ്ങളും കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. വിഷയം നേരിട്ട് ബോധ്യപ്പെടുത്താൻ ആവശ്യമെങ്കിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘവും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി കേന്ദ്ര അധികാരികളെ കാണുമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി സംഘർഷ ലഘൂകരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റിമോട്ട് സെൻസിംഗ്, ക്യാമറ അധിഷ്ഠിത മോണിറ്ററിംഗ്, ഏർലി വാണിംഗ് സിസ്റ്റം, ജിയോ ടാഗിംഗ്, ഡിജിറ്റൽ റിപ്പോർട്ടിംഗ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ സമഗ്രമായി വിനിയോഗിക്കും. കൂടാതെ ഓരോ പ്രദേശത്തിനും (Area-specific), വിളകൾക്കും (Crop-centric), വന്യജീവി ഇനങ്ങൾക്കും (Species-specific) അനുയോജ്യമായ ശാസ്ത്രീയ സംഘർഷ ലഘൂകരണ നടപടികളും മികച്ച ഇൻഷുറൻസ്-നഷ്ടപരിഹാര പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാറും വകുപ്പുകളും പൂർണ്ണ പ്രതിബദ്ധതയുള്ളവരാണെന്ന് വ്യക്തമാക്കുന്നതാണ് ചൂരൽമലയിലെ സംഭവത്തിലെ ഇടപെടൽ. അവിടെ കർഷകന്റെ കാപ്പിചെടികൾ വെട്ടിമാറ്റിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും, കർഷകനുണ്ടായ സാമ്പത്തിക നഷ്ടം ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്ത ചരിത്രപരമായ നടപടി കർഷകപക്ഷ നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കൃഷി-വനം വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു.എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

The post ഇഎസ്എയിൽ ആശങ്ക വേണ്ട; നൂതന സാങ്കേതികവിദ്യയോടെ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണും: കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് appeared first on.

Comments (0)