മിഷന്‍ സമുദ്ര: കൊളാവിപ്പാലത്ത് ക്രൂയിസ് വെസല്‍ ജെട്ടി സ്ഥാപിക്കാന്‍ സാധ്യത പഠനം നടത്തി

പയ്യോളി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘മിഷന്‍ സമുദ്ര’യുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസല്‍സ് ജെട്ടികള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലമാണെന്ന് പ്രാഥമിക കണ്ടെത്തല്‍.…

പയ്യോളി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘മിഷന്‍ സമുദ്ര’യുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസല്‍സ് ജെട്ടികള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലമാണെന്ന് പ്രാഥമിക കണ്ടെത്തല്‍. കൊയിലാണ്ടി മണ്ഡലത്തില്‍ പദ്ധതി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ദ്ധസംഘം സ്ഥല പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് നിന്ന് പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊളാവിപ്പാലം തീരത്ത് പരിശോധന നടത്തിയത്. തീരപ്രദേശത്ത് നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ആവശ്യത്തിന് ആഴമുള്ള സ്ഥലം ഇവിടെയാണെന്ന് സംഘം കണ്ടെത്തി. പദ്ധതി ഈ പ്രദേശത്തിന് അനുയോജ്യമാണോ എന്ന് വിലയിരുത്താന്‍ പാരിസ്ഥിതിക പഠനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്താനും വിശദമായ പദ്ധതി രൂപരേഖ (DPR) തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നെത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് മരിടൈം ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപാദിച്ചിരുന്നു. ഭാവിയില്‍ ഈ പദ്ധതിയില്‍ ടൂറിസ്റ്റ് വെസലുകള്‍ മാത്രമല്ല, ചെറിയ കാര്‍ഗോ ഷിപ്പുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മിനി ഗോവ, സര്‍ഗ്ഗാലയ, കുഞ്ഞാലി മരക്കാര്‍ സ്മാരകം, വെള്ളിയാംകല്ല് എന്നിവയെ കോര്‍ത്തിണക്കി ഒരു വലിയ ടൂറിസ്റ്റ് സര്‍ക്യൂട്ട് തന്നെ ഇതിന്റെ ഭാഗമായി നിലവില്‍ വരും.
കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി രാഘവ വാര്യര്‍, ഹൈഡ്രോഗ്രാഫിക് സര്‍വയര്‍ വര്‍ഗ്ഗീസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

The post മിഷന്‍ സമുദ്ര: കൊളാവിപ്പാലത്ത് ക്രൂയിസ് വെസല്‍ ജെട്ടി സ്ഥാപിക്കാന്‍ സാധ്യത പഠനം നടത്തി appeared first on.

Comments (0)