വയനാട്ടിൽ കാർ തടഞ്ഞ് പെപ്പർ സ്പ്രേ അടിച്ച് കവർച്ച; രണ്ട് പേർ കണ്ണൂരിൽ പിടിയിൽ

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് ഇന്നോവയും പണവും കവർന്ന കേസിൽ രണ്ടുപേർ കണ്ണൂരിൽ പിടിയിൽ. തലശ്ശേരി അതിയാരം സ്വദേശി എം.കെ. രഞ്ജു, നെല്ലുന്നി താഴെ പഴശ്ശി സ്വദേശി സൗരവ് സുനിൽ…

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് ഇന്നോവയും പണവും കവർന്ന കേസിൽ രണ്ടുപേർ കണ്ണൂരിൽ പിടിയിൽ.

തലശ്ശേരി അതിയാരം സ്വദേശി എം.കെ. രഞ്ജു, നെല്ലുന്നി താഴെ പഴശ്ശി സ്വദേശി സൗരവ് സുനിൽ എന്നിവരാണ് പിടിയിലായത്. പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായ രഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 13-ഓളം ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

കർണാടകയിലെ ബേഗൂരിൽ നിന്ന് കോഴിക്കോട് കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന കൊടുവള്ളി സ്വദേശി ജാഫറിന്റെ ഇന്നോവയാണ് മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപം വെച്ച് ക്വട്ടേഷൻ സംഘം തടഞ്ഞത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞ്, ജാഫറിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് കാഴ്ച മറച്ച ശേഷം ക്രൂരമായി ആക്രമിച്ച് ഇന്നോവയും കൈവശമുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

വയനാട് പോലീസ് നൽകിയ ജാഗ്രതാ നിർദേശത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. കവർച്ച ചെയ്യപ്പെട്ട വാഹനം കണ്ണൂർ ജില്ലയിലെ കേളകത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേളകം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കവർച്ച ചെയ്ത ഇന്നോവയ്ക്ക് പുറമെ പ്രതികൾ സഞ്ചരിച്ച മറ്റൊരു ഇന്നോവയും i20 കാറും പിടികൂടി.

സംഘത്തിലെ മറ്റ് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ഹവാല പണമിടപാടുകളോ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയോ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Comments (0)