വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴി സൈബർ തട്ടിപ്പ്, ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്റർനെറ്റിൽ തിരയുമ്പോൾ ലഭിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ കേന്ദ്രീകരിച്ച് വൻ സൈബർ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. പ്രമുഖ ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ…
തിരുവനന്തപുരം: ഇന്റർനെറ്റിൽ തിരയുമ്പോൾ ലഭിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ കേന്ദ്രീകരിച്ച് വൻ സൈബർ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. പ്രമുഖ ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
സഹായം തേടി ഉപഭോക്താക്കൾ ഇത്തരം നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഇവർ, രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള നിസ്സാര തുക അടയ്ക്കാൻ നിർദ്ദേശിക്കും. തുടർന്ന് ഈ ആപ്പുകൾ വഴി ബാങ്കിങ് വിവരങ്ങളും വ്യക്തിഗത രേഖകളും ചോർത്തി അക്കൗണ്ടുകളിൽ നിന്ന് വൻ തുകയാണ് കവരുന്നത്.
ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുതെന്നും ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കണമെന്നും പൊലീസ് അറിയിച്ചു. അപരിചിതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്‌സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ എന്നിവ കൈമാറുകയോ ചെയ്യരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദർശിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി നൽകേണ്ടതാണ്.
Comments (0)