വിദർശയ്ക്ക് ജന്മനാടിൻ്റെ പ്രോജ്ജ്വല സ്വീകരണം; ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും - മന്ത്രി ടി.സിദ്ദിഖ്

കോഴിക്കോട്: ( ) ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ…


കോഴിക്കോട്: ( ) ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിന് ജന്മനാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദർശയും തന്റെ മണ്ഡലത്തിൽപ്പെട്ട ടി.എസ്. മനുവും അടക്കമുള്ള കായികതാരങ്ങളുടെ ഏഷ്യൻ ഗെയിംസിലെ മിന്നും നേട്ടം ഏറെ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡൽ ജേതാക്കൾക്ക് അർഹമായ ജോലിയും തുടർ പരിശീലനത്തിനുള്ള പിന്തുണയും നൽകുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദർശയുടെ കായിക സ്വപ്നങ്ങളെ പിന്തുണച്ച കുടുംബാംഗങ്ങളെയും പരിശീലകനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.


വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലാണ് വിദർശയെ ജന്മനാട്ടിലേക്ക് ആനയിച്ചത്. മന്ത്രി ടി. സിദ്ദിഖ്, സി.കെ. കാസിം എം.എൽ.എ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവരും തുറന്ന വാഹനത്തിൽ കായികതാരത്തോടൊപ്പം ഉണ്ടായിരുന്നു. പി.സി. മുക്കിൽ നിന്നും ആരംഭിച്ച വിളംബര റാലി തിരുവമ്പാടി ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. നാടിന്റെ അഭിമാനമായ പ്രിയതാരത്തെ നേരിൽ കാണാനും അഭിവാദ്യമർപ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് വഴിയോരങ്ങളിൽ തടിച്ചുകൂടിയിരുന്നത്.

തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് വിദർശയെ പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Asian Games double-medallist Vidharsha K. Vinod received a warm and enthusiastic welcome in her hometown of Thiruvambady, Kozhikode. Agriculture Minister T. Siddique said the state government would fully support medal-winning athletes with jobs and training assistance.

Comments (0)