എം.എൽ.എയുടെ പി.എ ചമഞ്ഞ് തട്ടിപ്പിന് ശ്രമം; പ്രധാന പ്രതി പിടിയിൽ
കൊച്ചി: പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് വ്യാജേന പരിചയപ്പെടുത്തി ഗൂഗിൾ പേ വഴി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ് (42) ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസാണ് സാഹസികമായി ഇയാളെ അറസ്റ്റ്…
കൊച്ചി: പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് വ്യാജേന പരിചയപ്പെടുത്തി ഗൂഗിൾ പേ വഴി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ് (42) ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസാണ് സാഹസികമായി ഇയാളെ അറസ്റ്റ് ചെയ്തത്.
കാഞ്ഞിരക്കാട് സ്വദേശിയായ സജിത്ത് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ജൂലൈ 15-നാണ് സജിത്തിന്റെ ഫോണിലേക്ക് എം.എൽ.എയുടെ ഓഫീസിൽ നിന്നാണെന്നും പി.എ ആണെന്നും പറഞ്ഞ് സുരേഷ് വിളിക്കുന്നത്. എം.എൽ.എയുടെ വീടിനടുത്തുള്ള ചേച്ചിക്ക് അടിയന്തരമായി ഡയാലിസിസ് ചെയ്യാൻ പണത്തിന് ബുദ്ധിമുട്ടുണ്ടെന്നും എത്രയും വേഗം ഗൂഗിൾ പേ വഴി പണം അയച്ചു നൽകണമെന്നുമായിരുന്നു ആവശ്യം. ഫോൺ സംഭാഷണത്തിൽ സംശയം തോന്നിയ സജിത്ത് പണം അയക്കാതെ ഉടൻ പെരുമ്പാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ സുരേഷ് സ്ഥിരം തട്ടിപ്പുകാരനാണെന്ന് പോലീസ് വ്യക്തമാക്കി. കാട്ടാക്കട, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കോടാട്, കോതമംഗലം തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, എസ്.ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ, എ.എസ്.ഐ രതി, സീനിയർ സി.പി.ഒ കെ.ബി. മാഹിൻഷാ, സി.പി.ഒമാരായ സിബിൻ, നജ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)