പയ്യന്നൂരിൽ വിവാഹം നിശ്ചയിച്ച യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) ആണ് മരിച്ചത്. ഒക്ടോബർ 12ന് വൈകിട്ട് കൗൺസിലിങ് കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയ…

പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) ആണ് മരിച്ചത്.

ഒക്ടോബർ 12ന് വൈകിട്ട് കൗൺസിലിങ് കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയ ശ്രുതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 11.15 ഓടെ പെരുമ്പ ചിറ്റാരിക്കൊവ്വൽ റോട്ടറി ക്ലബ്ബ് റോഡിലെ തണൽ ഇക്കോ പാർക്കിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബർ 12ന് വൈകിട്ട് നാലുമണിയോടെയാണ് ശ്രുതി കോറോം കൂർക്കരയിലെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൗൺസിലിങിനിടെ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയ ശ്രുതി സ്കൂട്ടറിൽ കയറി പോകുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മാവൻ എം. ശ്രീധരൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെ ഇന്നലെ രാത്രിയോടെ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്കൂട്ടറും ചെരിപ്പും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെ പുഴയിൽ വീണതാകാമെന്ന സംശയത്തിൽ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സ്കൂബാ ടീം തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments (0)