എസ്എംഎ മരുന്ന് വിവാദം: 'ക്ലിനിക്കൽ ട്രയൽ' മരുന്നുകൾ തിരികെ വിളിച്ച് എസ്എടി

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിന് പിന്നാലെ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിച്ച ആറ് കുട്ടികളുടെ രക്ഷിതാക്കളോടാണ് മരുന്ന് തിരികെ എത്തിക്കാൻ നിർദേശിച്ചത്.…

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിന് പിന്നാലെ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിച്ച ആറ് കുട്ടികളുടെ രക്ഷിതാക്കളോടാണ് മരുന്ന് തിരികെ എത്തിക്കാൻ നിർദേശിച്ചത്.

'ക്ലിനിക്കൽ ട്രയൽ', 'ഡോക്ടേഴ്സ് സാമ്പിൾ' എന്ന് ലേബലിൽ രേഖപ്പെടുത്തിയ മരുന്നുകളാണ് തിരികെ വിളിച്ചത്. സാമ്പിൾ മരുന്നുകൾ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടർന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മരുന്നിന്റെ ഗുണനിലവാരത്തിൽ പ്രശ്നമില്ലെന്നും വകുപ്പ് അറിയിച്ചു.

വിദേശനിർമിത മരുന്നിന് പകരം ഇന്ത്യൻ നിർമിത ജനറിക് മരുന്ന് നൽകാൻ തീരുമാനിച്ചതോടെയാണ് വിവാദം ഉയർന്നത്. നിലവിൽ റോഷ് കമ്പനിയുടെ റിസ്ഡിപ്ലാം എന്ന മരുന്നാണ് നൽകി വന്നിരുന്നത്, ഒരു കുപ്പിക്ക് 6 ലക്ഷത്തോളം രൂപ വിലവരും. ഇതിന് പകരം ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്കോ ഫാർമയുടെ 8,000 മുതൽ 15,000 രൂപ വരെ വില വരുന്ന മരുന്ന് നൽകാനാണ് തീരുമാനം. 

സംസ്ഥാനത്ത് എസ്എംഎ ബാധിതരായ 108 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ കെയർ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. മരുന്ന് മാറ്റാനുള്ള തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എടുത്തതെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം.

Comments (0)