ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മരിച്ചു; കാറുടമയായ ജഡ്ജിക്കെതിരെയും പരാതി
കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ കൊല്ലപ്പെട്ടു. മാഞ്ഞാലി സ്വദേശിയായ ജയപാലകൃഷ്ണൻ (54) ആണ് ദാരുണമായി മരണപ്പെട്ടത്. ഇരിങ്ങാലക്കുട കോടതിയിലെ…
കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ കൊല്ലപ്പെട്ടു. മാഞ്ഞാലി സ്വദേശിയായ ജയപാലകൃഷ്ണൻ (54) ആണ് ദാരുണമായി മരണപ്പെട്ടത്. ഇരിങ്ങാലക്കുട കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് റിനോ ഫ്രാൻസിസിന്റെ 17 വയസ്സുള്ള മകനാണ് വാഹനം ഓടിച്ചിരുന്നത്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു അപകടം.
തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയപാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ ബെൻസ് കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും ത തകർന്നു. അപകടമുണ്ടാക്കിയ ശേഷം 17കാരൻ വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടമുണ്ടാക്കിയ ബെൻസ് കാർ ജഡ്ജിയുടെ പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയത് പോലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ജഡ്ജി തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ജയപാലകൃഷ്ണന്റെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയാൻ ഇതൊരു പാഠമാകണമെന്നും, ജഡ്ജിയുടെ പെരുമാറ്റം കണക്കിലെടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ ചേരാനല്ലൂർ സി.ഐ. ശ്യാംകുമാറിന്റെ നിർദ്ദേശപ്രകാരം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി മദ്യപിച്ചിട്ടില്ലെന്നും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുക.
Comments (0)