മണിയൂർ പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ
പയ്യോളി: മണിയൂർ പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള കീഴ്ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെയാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതി ഇടക്കാല സ്റ്റേ…
പയ്യോളി: മണിയൂർ പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള കീഴ്ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെയാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. കൊയിലാണ്ടി കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതി വടകര ചങ്ങരോത്ത് സ്വദേശി റഫീഖ് ഒളിവിലായിരുന്നു.നേരത്തെ കൊയിലാണ്ടി കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ട ദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് ശനിയാഴ്ചയോടെ ഇയാൾ ആശുപത്രിയിൽ നിന്നും തന്ത്രപരമായി മുങ്ങുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായി ഈ വിധി ഉണ്ടായിരിക്കുന്നത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും റഫീഖ് മുങ്ങിയതിനെ തുടർന്ന് എയർപോർട്ടുകളിലും ജില്ലാ-സംസ്ഥാന അതിർത്തികളിലും പോലീസ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.അതേസമയം, പ്രതിയെ പിടികൂടാൻ പോലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും പ്രതിയുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പയ്യോളി പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഹൈക്കോടതി സ്റ്റേ നിലവിൽ വന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ജനകീയ സമരം കൂടുതൽ ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
Comments (0)