കളിചിരിയില്‍ കാര്യം നിറച്ച് 'കുട്ട്യോളും കളക്ടറും

സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ രാത്രികളില്‍ പേടിയില്ലാതെ വാതില്‍ തുറന്നിട്ടു കിടക്കാന്‍ എന്നാണ് സാധിക്കുക?', 'നിയമവും മനുഷ്യത്വവും രണ്ടു തട്ടിലാകുമ്പോള്‍ ഒരു ഭരണാധികാരി ഏതു വഴിയേ പോകും?' കൗമാര മനസ്സുകളില്‍ നിന്നും നിഷ്‌കളങ്കമായി…




സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ രാത്രികളില്‍ പേടിയില്ലാതെ വാതില്‍ തുറന്നിട്ടു കിടക്കാന്‍ എന്നാണ് സാധിക്കുക?', 'നിയമവും മനുഷ്യത്വവും രണ്ടു തട്ടിലാകുമ്പോള്‍ ഒരു ഭരണാധികാരി ഏതു വഴിയേ പോകും?' കൗമാര മനസ്സുകളില്‍ നിന്നും നിഷ്‌കളങ്കമായി ഉയര്‍ന്നുവന്ന കനപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ ജില്ലാ കളക്ടറുടെ ചേമ്പര്‍ ഒരു നിമിഷം നിശ്ശബ്ദമായി. എന്നാല്‍, തികച്ചും സൗഹാര്‍ദ്ദപരവും ലളിതവുമായ ഭാഷയില്‍ ജില്ല കളക്ടര്‍ എം.എസ്. മാധവികുട്ടി മറുപടി നല്‍കിയപ്പോള്‍, കുട്ടികളുടെ സംശയങ്ങള്‍ മാറിയത് വലിയൊരു ആത്മവിശ്വാസത്തിലേക്കായിരുന്നു.
ജില്ലാ ഭരണകൂടം സംഘടിപ്പിച്ചു വരുന്ന 'കുട്ട്യോളും കളക്ടറും' പ്രതിവാര സംവാദ പരിപാടിയുടെ ആറാം പതിപ്പാണ് ഔദ്യോഗിക ഗൗരവങ്ങള്‍ മാറ്റിവെച്ച് വേറിട്ട അനുഭവത്തിന് സാക്ഷ്യം വഹിച്ചത്. ജി.എച്ച്.എസ്.എസ്. പയിമ്പ്ര സ്‌കൂളില്‍ നിന്നുള്ള 30 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാല് അധ്യാപകരുമാണ് ഇത്തവണ കളക്ടറുമായി സംവദിക്കാന്‍ എത്തിയത്.
'വിസ്പര്‍ റിലേ' എന്ന രസകരമായ ഐസ് ബ്രേക്കിംഗ് സെഷനോടെയായിരുന്നു തുടക്കം. കളക്ടറും കുട്ടികളും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ സെഷനുകളെ തുടര്‍ന്ന് നടന്ന ആശയവിനിമയത്തിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മനസ്സിനെ അലട്ടുന്ന ഗൗരവമേറിയ വിഷയങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ വെച്ചത്. കുഴപ്പിക്കുന്ന ചോദ്യങ്ങളെപ്പോലും തികഞ്ഞ ക്ഷമയോടെ നേരിട്ട കളക്ടര്‍, ജീവിതത്തില്‍ ഒന്നാമതായി നല്ലൊരു മനുഷ്യനായി വളരാനാണ് കുട്ടികളെ ഉപദേശിച്ചത്.
കുട്ടികളിലെ ആത്മവിശ്വാസം ഉയര്‍ത്തുക, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ഭരണസംവിധാനത്തെ അടുത്തറിയാന്‍ അവസരമൊരുക്കുക തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപികമാരായ കെ.കെ. രേഖ, ടി.പി. ബീന പ്രഭ, കെ.ജെ. അഖില, ബി. കാവ്യ എന്നിവരും സംവാദത്തിന്റെ ഭാഗമായി പങ്കെടുത്തു.

Comments (0)