വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാം; ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യ വിഭാഗം
വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാൻ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗം. ശരീര ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കുന്നതിലൂടെ എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ഇത്തരം രോഗങ്ങൾ. അതിനാൽ ഭക്ഷണം പാചകം ചെയ്യുന്നവരും…
വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാൻ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗം. ശരീര ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കുന്നതിലൂടെ എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ഇത്തരം രോഗങ്ങൾ. അതിനാൽ ഭക്ഷണം പാചകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടിവെള്ളവും ആഹാരസാധനങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗപ്പകർച്ച പൂർണ്ണമായും തടയാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
രോഗപ്രതിരോധത്തിന്റെ ഭാഗമായി നന്നായി തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. യാതൊരു കാരണവശാലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കാൻ പാടില്ല. ആഹാരം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള പാത്രങ്ങൾ ശുദ്ധമായ വെള്ളത്തിൽ മാത്രം കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വിപണിയിൽ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം പാചകത്തിനായി ഉപയോഗിക്കുക.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും പരിസരത്തും ഈച്ച ശല്യം പൂർണ്ണമായും ഒഴിവാക്കുകയും ആഹാരസാധനങ്ങൾ എപ്പോഴും സുരക്ഷിതമായി മൂടിവെക്കുകയും വേണം. കുടിവെള്ള സ്രോതസ്സുകളായ കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാനും വെള്ളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാനും ജാഗ്രത പുലർത്തണം. ആഹാരം കഴിക്കുന്നതിന് മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. കൃത്യമായ മുൻകരുതലുകളിലൂടെ ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)