യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ. പ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം

​തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ. പ്രകാശിനെ (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ ഇവരെ പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലാണ് മരിച്ച നിലയിൽ…


​തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ. പ്രകാശിനെ (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ ഇവരെ പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂർണിമ അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും ഇവർ കോളേജിൽ എത്താതിരുന്നതിനെ തുടർന്ന് ഇന്നലെ സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സഹപ്രവർത്തകർ പൂജപ്പുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

​അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കൾ ആരും ജീവിച്ചിരിപ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)