അധ്യാപകരുടെ ലഹരിക്കടത്ത്: പ്രധാന കണ്ണികളിലെത്താൻ നീക്കം ശക്തമാക്കി പൊലീസ്
പേരാമ്പ്ര: പേരാമ്പ്രയിൽ ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവത്തിൽ ലഹരി സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്താനുള്ള നീക്കത്തിൽ പൊലീസ്. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ താൽക്കാലിക അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരുടെ നിരന്തര…
പേരാമ്പ്ര: പേരാമ്പ്രയിൽ ലഹരിക്കേസിൽ രണ്ട് അധ്യാപികമാർ പിടിയിലായ സംഭവത്തിൽ ലഹരി സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്താനുള്ള നീക്കത്തിൽ പൊലീസ്. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ താൽക്കാലിക അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരുടെ നിരന്തര ബാംഗ്ലൂർ യാത്രകൾ ലഹരിക്കടത്തിനാണോയെന്ന കാര്യവും പൊലീസ് കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്.
സഫ്‌വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപികമാരുടെ ലഹരി ഇടപാടുകളിലെ പങ്ക് പുറത്തുവന്നത്. സഫ്‌വാന്റെ ഫോൺ പരിശോധിച്ചപ്പോൾ കീർത്തനയുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങുന്ന ആളുകൾ പണം അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകുകയും, ഇതിൽ നിന്ന് തങ്ങളുടെ കമ്മീഷൻ മാറ്റിയ ശേഷം ബാക്കി തുക ഇവർ ലഹരി മാഫിയയ്ക്ക് കൈമാറുകയുമായിരുന്നു രീതി.
നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ലഹരി ശൃംഖലയിലെ പ്രധാന ആളുകളെ കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പത്തു വർഷമായി ഇരുവരും പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക അധ്യാപകരായി ജോലി ചെയ്തുവരികയായിരുന്നു.
കായിക അധ്യാപികയായ കീർത്തന കൃത്യമായി സ്കൂളിൽ ഹാജരാകുന്നില്ലെന്നും പകരം ആളെയെത്തിക്കണമെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഈ വർഷവും ബിആർസി ഇയാളെ അതേ സ്കൂളിൽ തന്നെ നിയമിക്കുകയായിരുന്നു. പൊലീസ് അറസ്റ്റിന് പിന്നാലെ കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കാവ്യയെ പിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Comments (0)